പടയണി

മദ്ധ്യതിരുവിതാംകൂറിലെ ഭദ്രകാളീക്ഷേത്രങ്ങളില്‍ ആണ്ടുതോറും വ്രതശുദ്ധിയോടെ നടത്തിവരാറുള്ള അനുഷ്ഠാന മഹോത്സവമാണ് പടയണി. 64കലകളും കൊണ്ട് സമ്പുഷ്ടമായ പടയണി, രതിയും രക്തവും, ലഹരിയും ബലിനല്കിയിരുന്ന പ്രാക്തനദൈവസങ്കല്പത്തിന്റെ തിരുശേഷിപ്പാകുന്നു പടയണിയും അതിന്റെ അനുഷ്ഠാനങ്ങളും. മലബാറിനു തെയ്യംപോലെ മദ്ധ്യതിരുവിതാംകൂറിന്റെ ആത്മാംശമായ പടയണി ഗാനനൃത്തവാദ്യവിനോദങ്ങളുടെ സമ്മിശ്രരൂപമാണ്. സവര്‍ണ്ണാവര്‍ണ്ണ ദേദമന്യേ കരവാസികളൊന്നടങ്കം പങ്കാളികളാകുന്ന ഈ കലാരൂപം ചാതുര്‍വര്‍ണ്യം പിടിമുറുക്കാത്ത, സമത്വാധിഷ്ഠിതമായ ഒരുകാലത്തെ അനാവരണം ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ ഓരോ പടയണികരപ്പുറങ്ങള്‍ക്കും തനതുംവ്യത്യസ്ഥവുമായ പടയണി ശൈലികളാണുള്ളത്, അതുകൊണ്ട് തന്നെ അനുഷ്ഠാനാംശങ്ങളിലും, പടയണി നടത്തപ്പെടുന്ന ദിവസങ്ങളുടെ ദൈര്‍ഘ്യത്തിലും, നടത്തപ്പെടുന്ന കാലവും ഒരോ കരപ്പുറത്തും വ്യത്യസ്ഥത പുലര്‍ത്തും. 64 കലകളുടേയും സങ്കലനമായ പടയണി വളരെ ബൃഹത്തായ ഒരു അനുഷ്ഠാനകലാശാഖയാണ്.

കുംഭം, മീനം, മേടം (ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍) മാസങ്ങളിലാണ് പടയണി നടന്നുവരുന്നത്. പടയണിയില്‍തന്നെ കോലമെഴുത്ത്, കോലംതുള്ളല്‍, കോലപ്പാട്ട്, തപ്പുമേളം, വിനോദം എന്നിങ്ങനെയുള്ള കലാവിഭാഗങ്ങളുണ്ട്. മനുഷ്യന്റേയും ദേവതയുടേയും ആത്മസന്നിവേശമാണ് പടയണിയുടെ അന്തസത്ത. പാളക്കോലങ്ങളണിഞ്ഞ കരവാസികള്‍ ഒരുമയോടെ നാട്ടുദേവതാസ്തുതികളായ കോലപ്പാട്ടുകളും പാടി തപ്പിന്റെ ഈടുകൈകള്‍ക്കനുസരിച്ച് ചുവട് വച്ച് പ്രാര്‍ത്ഥിക്കുകയാണ്

ദേവതക്കുമേലും, കരവാസികളേയു ബാധിച്ച ഈതിബാധകളൊഴിക്കാന്‍, കരവാസികള്‍ക്ക് നന്മവരുത്താന്‍, വിളവുനല്കാന്‍........
മദ്ധ്യവര്‍ത്തിയില്ലാത്ത ആരാധനാക്രമം, പ്രകൃതിയോടു സമരസപ്പെട്ടു ജീവിച്ചമനുഷ്യന്‍ , പ്രകൃതിയെ ആരാധിച്ച മനുഷ്യന്‍, പ്രകൃതിയെ ചൂഷണം ചെയ്യാത്ത മനുഷ്യന്‍ അതാണ് പടയണിയുടെ നേര്‍ക്കാഴ്ച.

ഐതിഹ്യം

ഹൈന്ദവപുരാണ പ്രകാരമുള്ള ഐതിഹ്യം ഇങ്ങനെയാണ്.; ദാരികന്‍ എന്ന അസുരന്‍ ബ്രഹ്മാവിനെ തപം ചെയ്ത് സ്ത്രീയാല്‍ മാത്രമേ താന്‍ വധിക്കപ്പെടുകയുള്ളു എന്നവരം നേടിയെടുത്തു, വരബലത്താല്‍ വര്‍ദ്ധിതവീര്യനായ ദാരികന്‍ ത്രിലോകങ്ങള്‍ക്കും കൊടിയനാശകാരിയായിത്തീര്‍ന്നു. ദാരികന്റെ ഉപദ്രവം സഹിക്കാന്‍കഴിയാതെ ദേവകളൊന്നടങ്കം പരമശിവനെ അഭയം പ്രാപിച്ചു, ദാരികന്റെ വാര്‍ത്തകള്‍കേട്ട് കോപിഷ്ഠനായ പരമശിവന്‍ അഗ്നിമയമായ മൂന്നാംതൃക്കണ്ണ് തുറന്നപ്പോള്‍ അതില്‍നിന്നുല്‍ഭവിച്ചവളാണത്രെ ഭദ്രകാളി. ദേവന്മാരുടേയും പിതാവിന്റേയും അഭ്യര്‍ത്ഥന കേട്ട കാളി വേതാളമേറി കൂളീഗണസമേതം ദാരികപുരിപൂകി പോര്‍വിളിമുഴക്കി. ത്രിലോകങ്ങളും നടുങ്ങിയ യുദ്ധത്തിനൊടുവില്‍ കാളി ദാരികന്റെ ശിരസറുത്തു വീഴ്ത്തി. പോര്‍ക്കലികൊണ്ടലറിവിളിക്കുന്ന കാളി രക്തക്കൊതിപൂണ്ട് ഉറഞ്ഞുതുള്ളി കൈലാസത്തിലേക്ക് തിരിച്ചു. കാളിയുടെ കോപവും ചോരക്കൊതിയും ശമിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പരമശിവനും, ഭൂതഗണങ്ങളും, ദേവകളും ചേര്‍ന്നാലോചിച്ചു. വാദ്യമേളങ്ങള്‍, തുള്ളലുകള്‍, ഹാസ്യസംവാദങ്ങള്‍, കാളിയുടെ രൂപം കെട്ടിയാടല്‍ അങ്ങനെ പലതും വേഷപ്രച്ഛന്നരായി അവര്‍ കാട്ടിക്കൂട്ടിയിട്ടും കാളിയുടെ കലിയടങ്ങിയില്ല. കാളി ഗോപുരംകടന്നകത്തേയ്ക്ക് കയറി. പോകുന്ന പോക്കില്‍ തന്റെ രുദ്രരൂപമെഴുതിയ കളംകണ്ട് ഒരുനിമിഷം നിന്നു , ചുണ്ടില്‍ ചിരിയൂറി, ഭയന്നുവിറച്ചു മാറിനില്‍ക്കുന്ന പിതാവിനോട് ഇതാരു കുറിച്ചു എന്നു ചോദിച്ചു, കുറുപ്പു കുറിച്ചു എന്ന് മറുപടിയും കിട്ടി. ഒന്നൂകൂടി കളത്തിലേക്ക് നോക്കിയ കാളി കലിയടങ്ങി പൊട്ടിച്ചിരിച്ചുവെന്നും, അങ്ങലെ കാളീപ്രീതി നേടുന്നതിനായി ശ്രീപരമേശ്വരനും, ദേവഗണങ്ങളും, ഭൂതഗണങ്ങളും ഒന്നുചേര്‍ന്നവതരിപ്പിച്ചു വിജയിപ്പിച്ച കലാരൂപങ്ങളുടെ ശുദ്ധമായ അനുകരണരൂപമാണത്രെ പടയണി. ഇന്നും കാളീക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടും നടത്തിപ്പോരുന്നു, കുറുപ്പന്മാര്‍ തന്നെയാണ് കളമെഴുതുന്നത്.

ചോരക്കൊതി പൂണ്ട കാളി ആണ്ടുതോറും തങ്ങളുടെ ചോര നല്കാമെന്ന ജനങ്ങളുടെ വാഗ്ദാനത്തില്‍ തൃപ്തയായി എന്നാണു സങ്കല്പം, കാലക്രമത്തില്‍ കാളീക്ഷേത്രങ്ങള്‍ നിലനില്ക്കുന്ന കരപ്പുറങ്ങളില്‍ നാട്ടുക്കൂട്ടത്തിന്റെ രക്ഷയ്ക്കും, നന്മയ്ക്കും, പാലനത്തിനുമായി ദേവിയേയും, ഭൂതഗണങ്ങളേയും പ്രീതിപ്പെടുത്താനായി ചൂട്ടൂവച്ചു, തപ്പുകൊട്ടി, കൂകിവിളിച്ച് പിശാചിനെ ഉണര്‍ത്തി, ഇവയുടെയൊക്കെ സ്വരൂപങ്ങളെന്നു വിശ്വസിച്ച് കോലമെഴുതി സ്തുതിച്ച് ചുവടുവച്ചു, ചൂരലിലുരുണ്ട് ചോരനല്കി, അദ്ധ്വാനഫലത്തിലൊരംശം കരകാക്കുന്ന ദേവതകള്‍ക്ക് സമര്‍പ്പിച്ചു , ഒരുഗ്രാമം മദ്ധ്യവര്‍ത്തിയില്ലാത്ത ആരാധനയിലും, ആമോദങ്ങളിലും രക്ഷകണ്ടെത്തി, ഗ്രാമജനത ഈ അനുഷ്ഠാന കലയെ പടയണിയെന്നു വിളിച്ചു.

പടയണിയുടെ പ്രാരംഭചടങ്ങുകള്‍

ചൂട്ടുവയ്പ്പ്

പടയണിയുടെ ആദ്യചടങ്ങാണ് ചൂട്ടുവയ്പ്പ് . ഓരോ പടയണിക്കരപ്പുറത്തും ചൂട്ടുവയ്പ് ചടങ്ങ് വളരെ വ്യത്യസ്ഥമായ രീതിയിലാകും നടക്കുക. മിക്കവാറും എല്ലാ കരപ്പുറങ്ങളിലും പടയണി ദിനങ്ങള്‍ കാലാകാലമായി പിന്‍തുടര്‍ന്നു പോരുന്നതായിരിക്കും, അങ്ങനെ പടയണി ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ശ്രീകോവിലില്‍ നിന്നും പൂജാരി കത്തിച്ചുകൊടുക്കുന്ന ചൂട്ട് ഊരാണ്മക്കാരന്‍ ഏറ്റുവാങ്ങി ആര്‍പ്പും കുരവയുമായി ക്ഷേത്രത്തിനു വലം വച്ച് വന്ന് മീനത്തേമൂലയ്ക്ക് വയ്ക്കുന്നു. ഉണങ്ങിയ ഓലമടലുകള്‍ ചുരുട്ടിക്കെട്ടിയെടുത്തതിന്റെ "തുഞ്ചാണി''യെയാണ് ചൂട്ട് എന്ന് വിളിക്കുന്നത്. തുടര്‍ന്ന് പടയണി ആശാന്‍മാര്‍ പച്ചത്തപ്പില്‍ കൈമണിയുടെ അകമ്പടിയോടെ ഗണപതിയും പടിവട്ടവും കൊട്ടും, മേളത്തിനിടയില്‍ കതിന വെടികള്‍ മുഴങ്ങിക്കൊണ്ടിരിക്കും. തുടര്‍ന്ന് ആശാന്‍ ഈ.... ഹൂ.. എന്ന് ഉറക്കെ നീട്ടിവിളിക്കുന്നു. പടയണി കാണാനായി കാവിലമ്മയെ വിളിച്ചിറക്കുകയാണ് ഈ ചടങ്ങുകളിലൂടെ ഉദ്ദേശിക്കുന്നത്. "വിളിച്ചിറക്കല്‍'' "കൊട്ടിവിളിക്കല്‍'' "പച്ചത്തപ്പും കൈമണീം'' എന്നിങ്ങനെ വിവിധപേരുകളില്‍ ഈ ചടങ്ങ് അറിയപ്പെടുന്നു. ചിലേടങ്ങളില്‍ ഏഴരനാഴിക ഇരുട്ടിയശേഷം ചൂട്ടിനൊപ്പം, വീക്കന്‍ ചെണ്ട ഒരു പ്രത്യേകതാളത്തില്‍ മുഴക്കിക്കൊണ്ട് ഏതാനും ദിവസം കാവിനു വലംവയ്ച്ച് കൂകിവിളിക്കും ഇതിനെ പിശാചിനെ ഉണര്‍ത്തല്‍ എന്നാണ് പറഞ്ഞു വരുന്നത്. ഓരോ കരപ്പുറത്തും പടയണിക്കുമുന്‍പായി ചൂട്ട്വയ്പ് നടത്തേണ്ട ദിവസങ്ങളുടെ എണ്ണത്തില്‍ നിയതമായ കണക്കുണ്ട്.

പടയണി

തപ്പുമേളം, വല്യമേളം
നിശ്ചിത ദിവസത്തെ ചൂട്ടുവയ്പു കഴിഞ്ഞാല്‍ പിന്നെ പടയണി ആരംഭിക്കുകയായി. ഏഴരനാഴിക ഇരുട്ടി തപ്പുമേളത്തോടു കൂടിയാണ് പടയണിയുടെ തുടക്കം. ചിലേടങ്ങളില്‍ വല്യമേളത്തോടുകൂടിയാവും ആരംഭം. തപ്പ്, കൈമണി, ചെണ്ട, മദ്ദളം, കുറുങ്കുഴല്‍ എന്നിവയാണ് വല്യമേളത്തിനുപയോഗിക്കുന്ന വാദ്യങ്ങള്‍. ഇന്ന് അപൂര്‍വ്വം കരപ്പുറങ്ങളില്‍ മാത്രമേ വല്യമേള സമ്പ്രദായം നിലനില്ക്കുന്നുള്ളു. മേളത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കലായം കൊട്ടുമ്പോഴാണ് "കാപ്പൊലി''; ക്ഷേത്രനടയ്ക്കുമുന്‍പിലായാവും പടയണിക്കളം, ക്ഷേത്രനടക്കിരുവശത്തുനിന്നും പച്ചിലത്തൂപ്പുകളേന്തിയ പുരുഷന്മാര്‍ ആര്‍പ്പുവിളികളോടെ പടയണിക്കളത്തിലേക്കോടി എത്തി ഇലച്ചില്ലകളിളക്കി തുള്ളുന്നു. ഇതേസമയം തന്നെയാവും എഴുതിത്തയാറാക്കിയിരിക്കുന്ന കോലങ്ങളെ ചൂട്ടുകറ്റകളുടെ വെളിച്ചത്തില്‍,ചെണ്ടമേളത്തിന്റേയും, ആര്‍പ്പുവിളികളുടേയും അകമ്പടിയോടെ പടയണിക്കളത്തിലേക്കാനയിക്കുന്നത്. ഇതിനെ "എടുത്തുവരവ് '' എന്നാണറിയപ്പെടുന്നത്. കളത്തിലെത്തുന്ന കോലങ്ങള്‍ മേളത്തിനനുസരിച്ച് ഇളകിയാടുന്നു. ഇതിനിടയില്‍ കതിനാവെടികള്‍ മുഴങ്ങിക്കൊണ്ടിരിക്കും, തുടര്‍ന്ന് കോലങ്ങള്‍ ഗണപതിയും പടിവട്ടവും ചവിട്ടുന്നു തുടര്‍ന്നു ചൂട്ടുകറ്റകളുടെ അകമ്പടിയോടെ തന്നെ ക്ഷേത്രത്തിന് വലംവച്ച് വന്ന് കോലങ്ങള്‍ പടയണിക്കളത്തിലിറക്കിവയ്ക്കുന്നു.

താവടി
മേളത്തില്‍ നിന്നുരുത്തിരിയുന്ന താളത്തെ അടിസ്ഥാനമാക്കി മെയ്വഴക്കത്തോടെയുള്ള ചുവടുവയ്പ്പാണ് താവടി. താവടിതുള്ളലില്‍ "കൈ'' പ്രകടനങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. തുള്ളല്‍കാരെ നിയന്ത്രിക്കുന്ന ഒരു പ്രധാനതുള്ളല്‍ക്കാരന്‍ കൈമണിയില്‍ താളമിട്ടുകൊണ്ട് താവടി ചവിട്ടും, തൊട്ടുപിന്നിലായി ഏതാനും പേര്‍ കൈകോര്‍ത്ത് പിടിച്ച് കൊണ്ട് മുന്‍പിലെ തുള്ളല്‍കാരന്റെ ചുവടുകള്‍നുസൃതമായി ചുവടുവയ്ക്കും. മൂന്നുമടങ്ങുകളായിട്ടാണ് താവടി ചവിട്ടുന്നത്.
പന്നത്താവടി
താവടിതുള്ളുന്നവരുടെ ഇരുവശവുമായി പൊയ്മുഖങ്ങളണിഞ്ഞ്, ചെണ്ടയുടേയും, തപ്പിന്റെയും, കൈമണിയുടേയും മറ്റും പൊയ്രൂപങ്ങളുണ്ടാക്കി ഹാസ്യത്മകമായി നടത്തുന്ന ചുവടുവയ്പാണ് പന്നത്താവടി. നേര്‍താവടിക്കാരുടെ ചുവടുകളെ വികൃതമായി അനുകരിക്കുകയാണ് പന്നത്താവടിക്കാര്‍ ചെയ്യുന്നത്.

വെളിച്ചപ്പാട്
താവടി അവസാനിച്ചാല്‍ വെളിച്ചപ്പാട് എന്ന വിനോദരൂപം കളത്തിലെത്തും. ദേവിയുടെ പ്രതിപുരുഷനായ 'വെളിച്ചപ്പാടിനെ' ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പടയണി വിനോദ ഇനമാണ് വെളിച്ചപ്പാട്. ചിലേടങ്ങളില്‍ താവടിക്കുമുന്‍പാണ് വെളിച്ചപ്പാട് രംഗത്തുവരുന്നത്. പടയണി വിനോദ ഇനങ്ങള്‍ അപൂര്‍വ്വം ചില കരപ്പുറങ്ങളില്‍ മാത്രമാണ് ഇന്നും നിലനിന്നു പോരുന്നത്. ഇതില്‍ പ്രധാനം കുരമ്പാലക്കരയാണ് യാണ്. വിനോദ ഇനങ്ങള്‍ക്കു ശേഷമാവും കോലങ്ങളുടെ വരവ്. ഏറെ കരപ്പുറങ്ങളിലും കൂട്ടക്കോല സമ്പ്രദായമാണ് നടന്നുവരുന്നത്, എന്നാല്‍ ചിലകരപ്പുറങ്ങളില്‍ ഓരോദിവസം ഓരോരോ കോലം തുള്ളുന്ന സമ്പ്രദായവും ഉണ്ട്. കോലംതുള്ളലില്‍ കുതിര, ഗണപതി, ഗണപതിപിശാച്, മറുത, മാടന്‍ കോലങ്ങള്‍, യക്ഷിക്കോലങ്ങള്‍, കാലന്‍കോലം, ഭൈരവി എന്നിങ്ങനെയുള്ള ക്രമത്തിലാണ് കോലങ്ങള്‍ അരങ്ങിലെത്തുന്നത്.

അടവി

ദിവസങ്ങളോളം നീളുന്ന പടയണിയുടെ അതിപ്രധാനമായചടങ്ങാണ് അടവി. പതിവു ചടങ്ങുകളെല്ലാം അടവിദിവസവും ഉണ്ടാവും, അടവിദിവസം ശീതങ്കന്‍തുള്ളല്‍, വൈരാവി തുടങ്ങിയ വിനോദരൂപങ്ങളും പാനയടി, ചാറ്റ് തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും ഉണ്ടാകും. എഴുതിത്തുള്ളല്‍ ആരംഭിച്ച് മൂന്നാം ദിവസമോ, ആറാം ദിവസമോ, ഒന്‍പതാം ദിവസമോ ആണ് അടവി നടത്തുന്നത്.

വല്യപടേനി

കാവിലമ്മയ്ക്ക് ഏറ്റവും പ്രീയപ്പെട്ടനാള്‍ എന്ന് കരവാസികള്‍ കരുതുന്ന ദിനമാണ് വല്യപടേനി നടക്കുന്നത്. കാര്‍ഷികവൃത്തിയില്‍ മനുഷ്യന്റെ സഹായി ആയി വര്‍ത്തിക്കുന്ന കാളകളുടെ രൂപം കെട്ടിയൊരുക്കി എഴുന്നള്ളിക്കുക, ബന്ധുക്കരകളെ സ്വീകരിക്കുക തുടങ്ങിയവ വല്യപടേനിയുമായി ബന്ധപ്പെട്ട് ചിലസ്ഥലങ്ങളില്‍ കാണപ്പെട്ടു വരുന്ന ചടങ്ങുകളാണ്.
പൂപ്പട
വയസറിയിച്ച പെണ്‍കുട്ടികളില്‍ ബാധിക്കുന്ന ഗന്ധര്‍വനെ ഒഴിപ്പിക്കുന്ന ചടങ്ങാണ് പൂപ്പട. ചിലേടങ്ങളില്‍ ഗന്ധര്‍വ്വന്‍ കോലവും തുള്ളാറുണ്ട്. പിണിയാളിന്റെ കയ്യില്‍ കവുങ്ങിന്‍ പൂക്കുലയും പിടിപ്പിച്ച് മാരന്‍പാട്ടുപാടി ആര്‍പ്പും കുരവയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ഈ അനുഷ്ഠാനം നടത്തുന്നത്. പൂപ്പടയ്ക്കൊപ്പം ഹാസ്യരൂപമായ കണിയാന്‍ പുറപ്പാടും ഉണ്ടാകും.
നായാട്ടും പടയും
അടവിക്ക് ശേഷമുള്ളനാള്‍ നടത്തുന്ന ചടങ്ങാണ് നായാട്ടും പടയും , കൃഷിനശിപ്പിച്ചിരുന്ന മൃഗങ്ങളെ നായയുടെ സഹായത്തോടെയും ആഴികൊളുത്തിയും മറ്റും തുരത്തിയോടിച്ച് ജീവരക്ഷയും, വിള രക്ഷയും നേടിയിരുന്നതിന്റെ അനുകരണരൂപമാണ് നായാട്ടും പടയും. അയ്യപ്പചരിതമാണ് ഇതിനോടനുബന്ധിച്ച് പാടാറുള്ളത്. പുലിക്കോലങ്ങള്‍, നായ്ക്കോലങ്ങള്‍, പന്നിക്കോലങ്ങള്‍, കരടിക്കോലങ്ങള്‍ തുടങ്ങിയവ നായാട്ടിലും പടയിലും ഉള്‍പ്പെടുന്നു.
മംഗളക്കോലം.
നിര്‍ത്തുപടേനി, വല്യപടേനി എന്നിങ്ങനെ അറിയപ്പെടുന്ന പ്രധാനദിവസമാണ് മംഗളക്കോലം തുള്ളുന്നത്. വല്യപടേനിനാള്‍ എല്ലാ പടയണി ഇനങ്ങളും അവസാനിക്കുമ്പോഴേക്കും നേരം പുലര്‍ച്ചയാവും. കാവിലമ്മയുടെ മുന്‍പില്‍ ഇതുവരെ ചെയ്തുകൂട്ടിയവയില്‍ പാകപ്പിഴകളെന്തെങ്കിലും വന്നുപോയിട്ടുണ്ടെങ്കില്‍ മാപ്പുപറയുകയാണ് മംഗളക്കോലത്തിലൂടെ ചെയ്യുന്നത്. ഭൈരവിയും, കാഞ്ഞിരമാലയും മംഗളക്കോലങ്ങളായി കരുതിപ്പോരുന്നു.
കിഴക്കുവെള്ളകീറിയ ശേഷം മാത്രമേ തുള്ളല്‍ അവസാനിക്കുകയുള്ളു. തുള്ളല്‍ അവസാനിച്ചു കഴിഞ്ഞാല്‍ സമര്‍പ്പണ ഗദ്യങ്ങള്‍ ചൊല്ലി കോലം അഴിച്ചുവയ്ക്കുന്നു.
കുരമ്പാല പടയണിയിലാണെങ്കില്‍ പതിമൂന്നാം നാള്‍ ക്ഷേത്രനടയ്ക്കല്‍ ഭൈരവി തുള്ളിയശേഷം, കോലത്തിനുമുപില്‍ കരിങ്കോഴിയെ കാട്ടി പിശാചുക്കളെയെല്ലാം പാടിവിളിച്ച് കോലവുമായി ചിറമുടിയിലേക്ക് പോകുന്നു. പാലമരങ്ങളും, പൂക്കൈതകളും, ഇലഞ്ഞിമരവും, യക്ഷിപ്പനയും നിറഞ്ഞ ചിറമുടിയിലെത്തി കോഴിയെ വെട്ടി ബലിനല്കി മണ്ണാന്റെ മാന്ത്രികര്‍മ്മവും കഴിഞ്ഞശേഷം കോലം പാലമരത്തില്‍ തൂക്കി ഗ്രാമവാസികള്‍ തിരിഞ്ഞു നോക്കാതെ മടങ്ങിപ്പോരുന്നു, തിരികെ നോക്കിയാല്‍ ഒഴിച്ചുവിട്ട ഭൂതപ്രേതപിശാചുക്കളൊക്കെ കൂടെപ്പോരുമെന്നാണ് സങ്കല്പം.
ചട്ടത്തേക്കോലം
മംഗളക്കോലത്തിനു ശേഷം എഴുന്നള്ളിക്കുന്ന കോലമാണിത്. ആയിരത്തൊന്നു പാളയില്‍ തീര്‍ക്കുന്ന ഈ കോലം ഭൈരവിയോ കാഞ്ഞിരമാലയോ പോലെ തലയിലെടുക്കാറില്ല. നാലുചാടുകളിന്‍മേല്‍ ഉറപ്പിച്ചിട്ടുള്ള നിലത്തട്ടില്‍ ഒരുക്കിയിട്ടുള്ള ചട്ടത്തിന്മേലാണ് കോലം തയ്ച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഓരോമുഖത്തിലും പന്തവും, മണിയും പിടിപ്പിച്ചിരിക്കും. ആയിരം മണിയന്‍ കോലമെന്നും ഇതിന് പേരുണ്ട്. ഓതറദേശത്തു മാത്രമാണ് ചട്ടത്തേക്കോലം എഴുതാറുള്ളത്.
കോണന്‍.
സമര്‍പ്പണഗദ്യങ്ങള്‍ ചൊല്ലി കോലങ്ങള്‍ കളമൊഴിഞ്ഞു കഴിഞ്ഞെത്തുന്ന ഹാസ്യകഥാപാത്രമാണ് കോണന്‍. വിഡ്ഢിത്തം നിറഞ്ഞ സംഭാഷണവും ചലനങ്ങളുമായെത്തുന്ന കോണന്‍ അന്നേ ദിവസം തുള്ളിയ ഏതാനും കോലങ്ങളും ദേഹത്തണിഞ്ഞിരിക്കും.

ഉപസംഹാരം

കേരളത്തിലെ ഓരോ പടയണിക്കരപ്പുറങ്ങളും വളരെ വ്യത്യസ്ഥമായ ആചാരവിശേഷങ്ങളോടെയാണ് പടയണി നടത്തുന്നത്. ചിലേടങ്ങളില്‍ എല്ലാ ചടങ്ങുകള്‍ക്കും ശേഷം വെളിച്ചപ്പാട് കളത്തിലെത്തും, അതുപോലെ ചിലക്ഷേത്രങ്ങളില്‍ കുരുസി പടയണിക്കുശേഷമാണ് നടക്കുക, ജനങ്ങള്‍ ഒന്നായിച്ചേര്‍ന്ന് ഒരു വഞ്ചിയുടെ മാതൃകയില്‍ നിന്ന് വള്ളപ്പാട്ട് രീതിയില്‍ ദേവീസ്തുതികളാലപിക്കുന്ന കരവഞ്ചി, പത്താമുദയം നാളത്തെ കോലങ്ങളില്ലാതെയുള്ള ഇനങ്ങള്‍ മാത്രമുള്ളി പകല്‍ പടേനി, ശിവസ്തുതികളോടെ കളത്തട്ടില്‍ വച്ച് നടത്തുന്ന തട്ടുമ്മേക്കളി, പറയന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍, ആട്ടക്കോപ്പ്, കളമെഴുത്ത്, ആപ്പിണ്ടീംവിളക്കും, എഴുന്നള്ളത്ത്. പടയണി കാണാന്‍ വിളിച്ചിറക്കിയെ ദേവിയെ "കൊട്ടിക്കേറ്റല്‍'' എന്ന ചടങ്ങ്, തേങ്ങമുറിച്ച് ഫലം പറയുക എന്നിവയും ഓരോ കരപ്പുറങ്ങളിലും അപൂര്‍വ്വമായും വ്യത്യസ്ഥമായും കണ്ടുവരുന്ന ചടങ്ങുകളാണ്. അങ്ങനെയുള്ള എല്ലാ കരപ്പുറത്തേയും പടയണികളുടെ സമ്മിശ്രണമാണ് ഇതില്‍ പറഞ്ഞിരിക്കുന്നതത്രയും.

.