കോലംതുള്ളല്‍

പടയണിയെ അതിന്റെ ഭാവതീവ്രതയിലേക്ക് നയിക്കുന്ന ഇനമാണ് കോലം തുള്ളല്‍. കാളിയുടെ കലിശമിക്കണമെങ്കില്‍, കരവാസികളുടെ ദുരിതങ്ങളകലണമെങ്കില്‍ കാവിലമ്മയെ ബാധിച്ചിരിക്കുന്ന ദുര്‍ബാധകളൊഴിയണം; പിശാചും, മാടനും, മറുതയും, യക്ഷിയുമൊക്കെയാണ് അമ്മയെ ബാധിച്ചിരിക്കുന്നത്. ഓരോദേവതയ്ക്കും ഓരോ വേഷമുണ്ട്, ഓരോ രൂപമുണ്ട് ഇങ്ങനെ നിയതമായി രൂപപ്പെടുത്തിയ കോലങ്ങളുമായി കോലപ്പാട്ടിന്റേയും തപ്പുമേളത്തിന്റേയും അകമ്പടിയോടെ നടത്തുന്ന ചുവടുവയ്പ്പാണ് കോലം തുള്ളല്‍..

കോലപ്പാട്ട്

കോലപ്പാട്ടുകള്‍ നാട്ടുദേവതാ സ്തുതികളാണ്. പ്രകൃതിയോടു സമരസപ്പെട്ട് കാര്‍ഷികവൃത്തികളനുഷ്ഠിച്ചു ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗങ്ങളുടെ നിസ്സഹായതയില്‍ നിന്നും ഉരുത്തിരിഞ്ഞ പ്രാര്‍ത്ഥനകളും, അപേക്ഷകളും, സ്തുതികളുമൊക്കെയാണ് കോലപ്പാട്ടുകളുടെ അന്തസത്ത. ഓരോ കോലങ്ങള്‍ക്കും ഒന്നിലധികം പാട്ടുകളുണ്ട് . കടലിന്റെ ആഴവും പരപ്പും, മലയുടെ ഉയര്‍ച്ചയും ഗാംഭീര്യവുമുളള്ള കോലപ്പാട്ടുകളെപ്പറ്റിയുള്ള വിശദമായ പഠനം ഒരു പക്ഷേ മലയാള ഭാഷയുടെ വികാസ പരിണാമങ്ങളിലേക്കും വിരല്‍ ചൂണ്ടിയേക്കാം.

കളത്തില്‍ എരിഞ്ഞുകത്തുന്ന ചൂട്ടൂവെളിച്ചത്തിലാണ് കോലങ്ങള്‍ തുള്ളുന്നത്. കാവിലമ്മയ്ക്കും കരക്കാര്‍ക്കും മേലില്‍ ഏല്‍ക്കാവുന്ന പിണികള്‍ക്ക് കാരണമായ ദേവതകളുടെ കോലങ്ങളാണ് പാളയില്‍ എഴുതി തുള്ളുന്നത്. തുള്ളലിന്റെ അവസാനഘട്ടത്തില്‍ അതുവരെ അദൃശ്യയായി നിന്ന ദേവത വിളികേട്ട് കളത്തിലെത്തി കോലത്തിന്മേല്‍ അധിവസിക്കുന്നു, പിന്നെ തുള്ളുന്നത് ദേവതയാണ്. ആര്‍പ്പുവിളികളും, കുരവകളും കതിനാവെടികളും കൊണ്ട് ചൂടുപിടിച്ച അന്തരീക്ഷത്തില്‍ ദേവതയുറഞ്ഞു തുള്ളി, പിണിയൊഴിയുന്നതോടെ, കരവാസികളുടേയും, കാവിലമ്മയുടേയും സകലദുരിതവും ഒഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഓരോകോലത്തിന്റേയും രൂപഘടനയും താളവും തുള്ളല്‍ പാട്ടുകാരുടെ നാദശുദ്ധിയുമാണ് കോലംതുള്ളലിനെ തീവ്രമാക്കുന്നത്.
കോലങ്ങളെല്ലാം ഗണപതിയും പടിവട്ടവും ചവിട്ടിത്തിരിച്ചാണ് കളത്തിലെത്തുന്നത് കുരുത്തോല, പച്ചിലത്തൂപ്പുകള്‍, കരി, മനയോല, പട്ട് എന്നിവ കോലങ്ങള്‍ക്കനുസരിച്ച് ചമയമണിയും. ഒറ്റ, ഇരട്ടി, മുക്കണ്ണി, വല്യമുക്കണ്ണി തുടങ്ങിയരീതിയിലാണ് ചുവടുകള്‍ അറിയപ്പെടുന്നത്. ഒറ്റക്കലായം, ചാടിക്കലായം, മുറിക്കലായം, പന്തക്കലായം തുടങ്ങിയ കലായങ്ങളുമുണ്ട്.

 

കോലങ്ങള്‍

വെള്ളയും കരിയുംകോലം.
തുള്ളല്‍ക്കാരന്റെ മുഖത്തിന്റെ ഒരുവശത്ത് വെള്ള നിറവും മറുവശം കരിയും പൂശിയാണ് ഈ കോലം കളത്തിലെത്തി തുള്ളുന്നത്. കോലങ്ങള്‍ പാളയിലെഴുതുന്നതിനും മുന്‍പുള്ള മുഖത്തെഴുത്തു സമ്പ്രദായമാണത്രെ ഇതില്‍ അനുവര്‍ത്തിച്ചു പോരുന്നത്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക്, തിന്മയില്‍ നിന്നും നന്മയിലേക്ക് എന്ന പ്രതീകാത്മക ചിന്തയാണ് വെള്ളയും കരിയും കോലത്തില്‍ നിന്നും മനസ്സിലാക്കേണ്ടത്. ക്ഷേത്രത്തിനു നാലുവശത്തും, പടയണിക്കളത്തിലുമെത്തി ഗണപതിയും പടിവട്ടവും ചവിട്ടുക മാത്രമാണ് വെള്ളയും കരിയും കോലം ചെയ്യുന്നത്. ഇതിന്റെ ഐതിഹ്യപരമായ വിശ്വാസങ്ങളെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. കുരമ്പാല പടയണിയില്‍ മാത്രമാണ് ഈ കോലം കണ്ടുവരുന്നത്.
ഗണപതിക്കോലം
അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ കോലത്തിന് ശിവകോലം എന്ന പേരുമുണ്ട്. പാളചെത്തിയുണ്ടാക്കിയ കൂര്‍മ്പന്‍ തൊപ്പിയുടെ അഗ്രഭാഗത്തായി നാഗഫണം തയ്ച് പിടിപ്പിച്ചിരിക്കും. പലസ്ഥലങ്ങളിലും ഗണപതിക്കോലമെന്ന പേരില്‍ തുള്ളുന്നത് ഗണപതിപിശാചു കോലമാണ്. നാഗഫണത്തിന് താഴേയ്ക്ക് ചുറ്റുവരകള്‍ ഉണ്ടാവും. മുഖത്ത് പച്ചതേച്ച് അരയില്‍ ചുവന്നപട്ടിന്‍മേല്‍ കുരുത്തോലപാവാട ഉടുത്ത് കാലില്‍ ചിലമ്പും ധരിച്ചിരിക്കും. മുറുകിയ താളഗതിയിലുള്ള പാട്ടില്‍ ഗണപതിയുടെ ജനനകഥയും പറയുന്നുണ്ട്. നാഗപ്പത്തി പിടിപ്പിച്ച മുകള്‍ഭാഗത്തിന്റെ സങ്കല്പം ശിവമുടിയാണ്.
ഗണപതിപിശാചുകോലം.
പേരില്‍ ഗണപതിയുണ്ടെങ്കിലും പുരാണത്തിലെ ഗണപതിയുമായി ഇതിനു ബന്ധമൊന്നും ഉള്ളതായി കാണുന്നില്ല. പാര്‍വ്വതീദേവിയുടെ പിണിയൊഴിക്കുന്നതിനു വന്ന പേപ്പിശാചേ എന്നാണ് പാട്ടില്‍ പറഞ്ഞിരിക്കുന്നത്. ഒറ്റപ്പാളയില്‍ മുഖാവരണമായി വെട്ടിയെടുക്കുന്ന ഈ കോലത്തിന്റെ മുകള്‍ ഭാഗം ത്രിശൂലമാതൃകയിലാണിരിക്കുന്നത്. കോലങ്ങളില്‍ ആദ്യം രംഗത്തു വരുന്നതുകൊണ്ടാവാം ഇതിന് ഗണപതിപിശാച് എന്ന പേര് കിട്ടിയത്. അരയില്‍ പട്ടുടുത്ത് കുരുത്തോലപാവാടധരിച്ച് ഇരുകൈകളിലും കത്തിച്ചു പിടിച്ച ചൂട്ടുകറ്റകളുമായാണ് ഈ കോലം തുള്ളുന്നത്. അടന്ത താളത്തിലുള്ള പതിഞ്ഞപാട്ടും, മുറിയടന്തയിലുള്ള മുറുക്കുപാട്ടുമാണ് ഗണപതിപിശാചുകോലത്തിന് പാടിവരുന്നത്. പ്രാക്തനസമൂഹം ഭൂതപ്രേതാദിദുര്‍ഭൂതങ്ങളുടെ ബാധകളില്‍ നിന്നും രക്ഷനേടാന്‍വേണ്ടി ചെയ്തിരുന്ന ആഭിചാരവൃത്തികളേതോ ആണത്രെ ഇതില്‍ നിഴലിക്കുന്നത്.
കുതിരതുള്ളല്‍.
അനുഷ്ഠാനത്തിന്റെ പിന്‍ബലമോ, ദേവതാസങ്കല്പമോ ഇല്ലാത്ത തുള്ളലാണ് കുതിരതുള്ളല്‍, ചിലോടങ്ങളില്‍ ഇതിന് കുതിരക്കോലമെന്നും പറയുന്നു. (കുതിരക്കോലത്തിന്റെ നിര്‍മ്മാണത്തെപ്പറ്റി കോലമെഴുത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.) തയ്യാറാക്കിയിരിക്കുന്ന കുതിരരൂപങ്ങള്‍ അരയിലുറപ്പിച്ചാണ് കുതിരതുള്ളുന്നത്, ഇത് താഴോട്ട് ഊര്‍ന്നുപോകാതിരിക്കാന്‍ രണ്ടഗ്രങ്ങളിലും ചരട് ബന്ധിച്ച് തോളിലൂടെ ഇട്ടിരിക്കും, ഇടംകയ്യാല്‍ കടിഞ്ഞാണ്‍ പോലെ ഇതില്‍ പിടിച്ചിരിക്കും വലത്തേക്കയില്‍ കുതിരയെത്തെളിക്കാനുള്ള ചമ്മട്ടിയുണ്ടാകും. തലയില്‍ അറബികള്‍ ധരിക്കുംപോലെ വെള്ളമുണ്ട് ധരിച്ചിരിക്കും, കൃതൃമ മീശയും വച്ചിരിക്കും. തോര്‍ത്തുടുത്ത് കയ്യില്‍ ചാട്ടയും, തോളില്‍ ഭാണ്ഡവുമേന്തി കുതിരയെ നിയന്ത്രിക്കുന്ന ഭാവത്തില്‍ തുള്ളലിനൊപ്പം ഉണ്ടാവും . ഇവരെ പട്ടാണികള്‍ എന്നപേരുവിളിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ കേരളവും അറബിനാടുമായുണ്ടായിരുന്ന വാണിജ്യബന്ധമാണ് കുതിരതുള്ളലിന്റെ അടിസ്ഥാനം. ചേരമാന്‍ പെരുമാളുടെ ഭരണകാലത്ത് യുദ്ധക്കുതിരകളെ വാങ്ങുന്നതിന് അറബിരാജ്യത്തുപോകുന്നതാണ് കുതിരതുള്ളലിലെ പാട്ടിന്റെ ഇതിവൃത്തം.
മറുതാക്കോലം
മസൂരിയുടെ ദേവതയാണ് അമ്മ ദൈവമായ മറുത. കരിമറുത, കാലകേശി മറുത, ഈശാന്താന്‍ മറുത, നീലകേശി മറുത, പണ്ടാരമറുത, പച്ചമറുത, ആനമറുത എന്നിങ്ങനെ പലവിധമുണ്ട് മറുതകള്‍. മസൂരിബാധയുടെ ദുരിതങ്ങളകറ്റാന്‍വേണ്ടിയാണ് മറുതാക്കോലം തുള്ളുന്നത്. അസ്ഥിയെരിവ്, ഉഷ്ണം, പനി, അരുചി. ദാഹം, വീക്കം തുടങ്ങിയ രോഗങ്ങളുടെ കാരണക്കാരിയും മറുതയത്രെ. ദാരികവധാനന്തരം ശിവാനുഗ്രഹം നേടി കാളിയുടെ മേല്‍ മസൂരിവിത്തുകള്‍ വാരിയെറിഞ്ഞ ദാരികാസുരപത്നിയായ മനോദരിയാണ് പില്ക്കാലത്ത് മറുതാ ആയതെന്ന വിശ്വാസവുമുണ്ട്.
കോലമണിഞ്ഞ് അരയില്‍ ഇലഞ്ഞിത്തൂപ്പണിഞ്ഞ്, വടി, ചൂല്, മുറം, കത്തി എന്നിവ കരത്തിലേന്തി കളത്തിലെത്തി ഗണപതിയും പടിവട്ടവും ചവിട്ടിത്തിരിഞ്ഞാല്‍ ചാറ്റ് ആരംഭിക്കുന്നു. ഗാര്‍ഹിക വൃത്തിയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ചാറ്റിലൂടെ അവതരിപ്പിക്കുന്നത്, മുറ്റം അടിക്കുക, മുടി കോതുക, നെല്ല് ഉണക്കാനിടുക, വാരിക്കൂട്ടി മുറത്തിലാക്കി ഉരലിലിട്ടിടിക്കുക, തുടര്‍ന്ന് കുച്ചരി കയ്യിലെടുത്ത് വായിലിടാന്‍ ഭാവിക്കുമ്പോള്‍ എന്തോ ഓര്‍ത്തപോലെ ഞെട്ടിത്തിരിഞ്ഞ് നാലുതവണയായി അരി നാലുവശത്തും വാരി വിതറുന്നു. അഞ്ചാം തവണ അരി എടുത്ത കയ്യ് ഉയര്‍ത്തിപ്പിടിച്ച് ഒരു പ്രാകൃത ശബ്ദം പുറപ്പെടുവിക്കുന്നു. ഇത് കേള്‍ക്കുന്ന മാത്രയില്‍ കരവാസികള്‍ക്കിടയില്‍ നിന്നും പിള്ളമറുതകളുള്‍പ്പടെ നിരവധി മറുതകള്‍ കൂകിവിളിച്ചു കൊണ്ട് കളത്തിലെത്തുന്നു. ഒറ്റ, ഇരട്ടി, മുക്കണ്ണി, വല്യമുക്കണ്ണി, കോതുകാല്‍, പോരുകാല്‍, തെറ്റിനീക്കം തുടങ്ങിയ വിവിധചുവടുകള്‍ ഇതില്‍ കാണാം. പാട്ട് ഏടന്ത പതിഞ്ഞത്, അടന്ത , മുറിയടന്ത എന്നിങ്ങനെയാണ്.
മാടന്‍ കോലങ്ങള്‍
നിഴല്‍ നോക്കി അടിച്ചുകൊല്ലുന്ന ദുര്‍ദ്ദേവതയാണ് മാടന്‍ എന്നാണ് വിശ്വാസം. വടിമാടന്‍, തൊപ്പിമാടന്‍ ചെറ്റമാടന്‍, പുള്ളിമാടന്‍, കാലമാടന്‍ എന്നിങ്ങനെയുള്ള മാടന്‍കോലങ്ങള്‍ പലദിവസങ്ങളിലായാണ് തുള്ളിത്തീര്‍ക്കുന്നത്. ആടുമാടുകളുടെ രക്ഷകനായ ദേവനാട് മാടനെന്നുമുള്ള വിശ്വാസം നിലനില്‍ക്കുന്നുണ്ട്, ശിവസങ്കല്പവുമായി ബന്ധപ്പെടുത്തിയാണ് മാടന്‍ കോലങ്ങളെപ്പറ്റിയുള്ള വിശ്വാസം. മാടന്‍കോലങ്ങള്‍ ക്ക് നെറ്റിയിലായി മൂന്നാമതൊരു കണ്ണുകൂടി വരച്ചുചേര്‍ത്തിരിക്കും. ശിവമുടിപോലെയാണ് മുകള്‍ഭാഗം വെട്ടിയെടുക്കുന്നത്. മാടന്‍കോലങ്ങള്‍ക്കെല്ലാം നെഞ്ചുമാലയും, ഇതില്‍ പൂണൂലും വരച്ചുചേര്‍ക്കാറുണ്ട്. കാലമാടന്‍ കാലത്തിന്റെ അധിപതിയാണെന്നാണ് വിശ്വാസം വടിമാടന്‍ വടിയും പിടിച്ച് ആകാശത്തേക്ക് നോക്കിയാണ് തുള്ളുന്നത്, തുള്ളലിനിടയില്‍ വടിയെടുത്ത് നിലത്താഞ്ഞടിച്ച് അലറിവിളിക്കും. പുള്ളിമാടന്‍ കോലത്തിനാണെങ്കില്‍ ദേഹത്താകെ പുള്ളികളുണ്ടാകും, തൊപ്പിമാടന്‍ തലയില്‍ പാളത്തൊപ്പിയണിഞ്ഞിരിക്കും, ചെറ്റമാടന്‍ കോലത്തിന്റെ പൂര്‍ണ്ണരൂപം വരച്ച് പച്ചയോടമെടഞ്ഞതില്‍ തയ്യ്ച്ച് പിടിപ്പിച്ച് അതും കയ്യിലെടുത്തു പിടിച്ചുകൊണ്ടാണ് തുള്ളുന്നത്.
യക്ഷിക്കോലങ്ങള്‍.
രൂപത്തിലും ഭാവത്തിലും അവതരണത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന യക്ഷിക്കോലങ്ങളുടെ ഒരു കൂട്ടം തന്നെയുണ്ട് പടയണിയില്‍.
1. സുന്ദരയക്ഷി
ഒറ്റപ്പാളയില്‍ വെട്ടിയെടുത്ത മുഖാവരണവും, നെഞ്ചു മാലയും അണിഞ്ഞ് പട്ടുടുത്ത് അതിനുമുകളില്‍ കുരുത്തോലപാവാടയണിഞ്ഞ്, കൈകളില്‍ കവുങ്ങില്‍ പൂക്കുലയോ കുരുത്തോല നഖങ്ങളോ അണിഞ്ഞാവും സുന്ദരിയക്ഷി കളത്തിലെത്തുക. കുറഞ്ഞത് നാലുകോലങ്ങളെങ്കിലും തുള്ളണം, ആറോ, എട്ടോ കോലങ്ങളും തുള്ളാറുണ്ട്. ഗണപതിയും പടിവട്ടവും ചവിട്ടിത്തിരിച്ച്, നിരത്തിത്തുള്ളലിനുശേഷമുള്ള ചിറ്റടി സുന്ദരയക്ഷിയുടെ പ്രത്യേകതയാണ്. ഒറ്റ, ഇരട്ടി, മുക്കണ്ണി, വല്യമുക്കണ്ണി, വെട്ടിയേറ്റം, ചവിട്ടിയിറക്കം, വട്ടച്ചുവട് തുടങ്ങിയവയാണ് ചുവടുകള്‍. മര്‍മതാളം, അടന്ത പതിഞ്ഞത്, അടന്തഒറ്റ, മുറിയടന്ത മുതലായ താളങ്ങളും ഇതിനുണ്ടാവും. സുന്ദരിമാരൊടെതിരിടാനും അവരുടെ സൌന്ദര്യത്തെ മന്ദിപ്പിക്കാനും പോരുന്ന സൌന്ദര്യദേവതകളേയാണ് ഇവിടെ കൊട്ടിപ്പാടി വിളിക്കുന്നതും, കളത്തിലുറഞ്ഞ് തുള്ളിച്ച് പിണിയൊഴിക്കുന്നതും.
2. അന്തരയക്ഷി.
കിരീടമാതൃകയിലുള്ള കോലമാണ് അന്തരയക്ഷി, കോലം തലയില്‍നിന്നും ഊര്‍ന്നുപോകാതിരിക്കുന്നതിനുവേണ്ടി, തൊപ്പിക്കുള്ളിലൂടെ കൊരുത്തെടുത്തിട്ടുള്ള ചരട് തുള്ളല്‍ക്കാരന്റെ താടിയോട് ചേര്‍ത്ത് മുറുക്കിക്കെട്ടും. കിരീടത്തിനും , നെഞ്ചുമാലയ്ക്കും, അരമാലയ്ക്കും കൂടി ഒന്‍പതോളം പാളകള്‍ വേണ്ടിവരും. ഇരുകൈകളിലും കുരുത്തോലത്തളകളും, കുരുത്തോലനഖങ്ങളും ഉണ്ടാകും, അരയില്‍ കുരുത്തോലപ്പാവാടയും, കാലില്‍ കച്ചമണിയും ഉണ്ടാകും. മുഖത്ത് മനയോലയോ, ചായില്യമോ, കരിയോ തേച്ച് എകിറും പല്ലും വച്ച്, കണ്ണും കുറിയും കെട്ടിയാണ് കോലങ്ങള്‍ കളത്തിലെത്തുന്നത്. ഗണപതിയും പടിവട്ടവും കഴിഞ്ഞാല്‍ "പോരുകാലുകള്‍'' ശേഷം ചാറ്റടന്തയിലുള്ള പാട്ട് ആരംഭിക്കും.
3. അംബരയക്ഷി.
അന്തരയക്ഷിയോട് സമാനമായ കോലമാണ് അംബരയക്ഷി, മേക്കട്ടിയുള്ള ചട്ടത്തിന്മേലേറിയാണ് ഗണപതിയും പടിവട്ടവും ചവിട്ടുന്നത്. ചട്ടം മുന്നോട്ടു നീങ്ങുന്നത് കണ്ടാല്‍ ആകാശചാരിണിയായ ഒരു ദേവതയുടെ രൂപം തോന്നും. ഗണപതിയും പടിവട്ടവും ചവിട്ടിത്തീര്‍ന്നാല്‍ തട്ടില്‍നിന്നും കളത്തിലേക്കു ചാടി തുള്ളലാരംഭിക്കും. ചുവടുകളും, കയ്യ്മെയ്യ് ചലനങ്ങളും ആകാശത്തിലൂടെയുള്ള സഞ്ചാരഗതിയെ അനുസ്മരിപ്പിക്കുന്നതാണ്.
4. അരക്കിയക്ഷി.
കാഴ്ചയില്‍ ഏറെ ഭീകരതതോന്നിക്കുന്ന കോലമാണ് അരക്കിയക്ഷി. പലപടയണിക്കരപ്പുറങ്ങലില്‍ നിന്നും അന്യനിന്നു പോയിട്ടുള്ള ഈ കോലത്തിന്റെ തുള്ളല്‍സമ്പ്രദായം മറ്റുകോലങ്ങളില്‍നിന്നും വ്യത്യസ്ഥവും രസകരവുമാണ്. മുഖാവരമായ കോലത്തില്‍നിന്നും മുഖവട്ടം വെട്ടിമാറ്റി കണ്ണും കുറിയും കെട്ടി എകിറും പല്ലും ധരിച്ച്, നെഞ്ചുമാലയും അരമാലയും അണിഞ്ഞ്, ചെമ്പട്ടിന്മേല്‍ കുരുത്തോല പാവാടയുടുത്ത്, കുരുത്തോലതോള്‍വളകളും, കുരുത്തോല നഖങ്ങളും ധരിച്ച്, കാലില്‍ ചിലമ്പണിഞ്ഞ് മുന്നില്‍ മറപിടിച്ച് മറയ്ക്കകത്തായാണ് ഗണപതിയും പടിവട്ടവും ചവിട്ടുന്നത്. ഗണപതിയും പടിവട്ടവും ചവിട്ടിത്തിരിഞ്ഞും തുള്ളല്‍ മറയ്ക്കുള്ളില്‍ തുടരും, ശേഷം അഞ്ചോളം അടവുകളാണ് ചവിട്ടേണ്ടത്, ഓരോ അടവിന്റേയും അന്ത്യത്തില്‍ കലായം ചവിട്ടണം. അതോടെ മറപൊക്കുകയും വീണ്ടും മറപിടിക്കുകയും ചെയ്യും. അടവു കഴിഞ്ഞാല്‍ പോരുകാലുകളും, ശേഷം മുറിയടന്തയിലുള്ള പാട്ടുമാണ് പാടുന്നത്.
5. എരിനാഗയക്ഷി
എരിനാഗയക്ഷി, കരിനാഗയക്ഷി, പറനാഗയക്ഷി, അയലിയക്ഷി എന്നിങ്ങനെയുള്ള യക്ഷികളെപ്പറ്റി പാട്ടില്‍ പറയുന്നുണ്ടെങ്കിലും എരിനാഗയക്ഷിയും, അയലിയക്ഷിയുമൊഴിച്ചുള്ളവയുടെ തുള്ളല്‍ സമ്പ്രദായം തീര്‍ത്തും അപൂര്‍വ്വമായിക്കഴിഞ്ഞു.
6. മായേക്ഷി
കിരീടസമാനമായ കോലമാണെങ്കിലും അന്തരയക്ഷിക്കോലത്തില്‍നിന്നും വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്റെ നിര്‍മ്മിതി. നെഞ്ചുമാല, അരമാല, കുരുത്തോലപ്പാവാട, കാല്‍ച്ചിലമ്പ് എന്നിവയുണ്ടാവും മുഖത്ത് കണ്ണും കുറിയും കെട്ടി എകിറും പല്ലും അന്തരയക്ഷിയില്‍ നിന്നും വിഭിന്നമാണ്, മുഖത്ത് കരിയാണ് തേക്കുന്നത് കയ്യില്‍ വാളും പന്തവും പിടിച്ചിരിക്കും, നാശകാരിണിയും അതേസമയം തന്നെ രക്ഷകിയുമായ ദേവതയാണിത്.
7. കാലയക്ഷി.
അന്‍പത്തൊന്നു പച്ചപ്പാളയില്‍ തീര്‍ക്കുന്ന അതിഭീഷണമായ കോലമാണ് കാലയക്ഷി. പട്ടുടുത്ത്, കുരുത്തോലപ്പാവാടയും ഉണ്ടാകും, കോലത്തിന്റെ നെറുകയില്‍ കത്തുന്ന പന്തം തറച്ചിരിക്കും. തുള്ളലിനോടനുബന്ധിച്ച് ആഴിവാരുന്ന പതിവും ചിലേടങ്ങളില്‍ കണ്ടുവരുന്നുണ്ട്.
പക്ഷിക്കോലം
പ്രസവിച്ച് അധികനാളുകള്‍ കഴിഞ്ഞിട്ടില്ലാത്ത കുഞ്ഞുങ്ങളുള്ള വീടിന്റെ അടുത്തുള്ള മരക്കൊമ്പുകളില്‍ ഒരു പ്രത്യേകതരം പക്ഷി വന്നിരുന്ന് കുഞ്ഞേ... കുഞ്ഞേ... എന്ന് നീട്ടി വിളിക്കുമത്രെ. ഇത്തരം പക്ഷികളുടെ ബാധയേല്ക്കുന്ന കുട്ടികള്‍ ചോരമയമില്ലാതെ, ചന്തിതേമ്പി, വയറുന്തി വിളറിവെളുത്തു മരണപ്പെടും എന്നു വിശ്വസിക്കുന്ന കരവാസികള്‍ പക്ഷിയെ ഓടിച്ചുകളയാന്‍ ശ്രമിക്കുമെങ്കിലും വേണ്ട ബലിപൂജകള്‍ നല്കി തൃപ്തിപ്പെടുത്തുന്നതിലൂടെയെ പക്ഷിബാധയില്‍ നിന്നും പൂര്‍ണ്ണമോചനം ലഭിക്കുകയുള്ളു എന്നാണ് അവരുടെ വിശ്വാസം. മുഖാവരണമായ കോലത്തില്‍ വായുടെ സ്ഥാനത്ത് പാളയില്‍ വെട്ടിയുണ്ടാക്കിയ ചുണ്ട് തയ്ച്ച് പിടിപ്പിച്ചിരിക്കും, നെഞ്ചുമാലയും, അരമാലയും അണിഞ്ഞ് ചെമ്പട്ടിനുമീതെ കുരുത്തോല ഉടുത്ത് കുരുത്തോല മടലോടുകീറി ഈര്‍ക്കില്‍കളഞ്ഞ് പുറത്തുകൂടിയിട്ട് ഇരുകൈകളിലുമായി നീട്ടിപ്പിടിച്ചിരിക്കും പോരുകാല്‍ വെച്ചാണ് പക്ഷിക്കോലങ്ങള്‍ കളത്തിലെത്തുന്നത്. ശ്രീകൃഷ്ണനെ ബാധിക്കാന്‍ കംസന്‍ പക്ഷിയെ അയച്ചകഥയാണ് പാട്ടിന്റെ ഇതിവൃത്തം.
കാലന്‍കോലം
പടയണിയിലെ രജകോലമാണ് കാലന്‍, പടയണിയിലെ തുള്ളല്‍സമ്പ്രദായങ്ങളെല്ലാം സ്വായത്തമാക്കിയ ഒരു കലാകാരനുമാത്രമേ കാലന്‍കോലം തുള്ളാന്‍ സാധിക്കുകയുള്ളു. കിരീടസമാനമായ കോലത്തിന് മൂന്നോ അഞ്ചോ മുഖങ്ങളുണ്ടാകും മുഖത്ത് കരിതേച്ച് കണ്ണും കുറിയും കെട്ടി, എകിറും പല്ലും വച്ച് ചെമ്പട്ടിന്മേല്‍ കുരുത്തോല പാവാടയുടുത്ത് കാലില്‍ കച്ചമണിയണിഞ്ഞ്, പുറകു മറഞ്ഞുകിടക്കുന്ന മുടിയണിഞ്ഞ്.വലം കയ്യില്‍ വാളും, ഇടങ്കയ്യില്‍ പന്തവും പാശവുമേന്തിയാണ് കാലന്‍കോലം തുള്ളുന്നത്. പാളകള്‍ തയ്ച്ചുപിടിപ്പിച്ചിരിക്കുന്ന അലകില്‍ കൊരുത്തെടുത്തിരിക്കുന്ന നീണ്ടതുണി തുള്ളല്‍ക്കാരന്റെ കക്ഷത്തിനടിയില്‍ക്കൂടി എടുത്ത് പുറകുഭാഗത്തായി കെട്ടിയിരിക്കും, കോലം തലയില്‍നിന്നും ഇളകിപ്പോകാതിരിക്കുന്നതിനുവേണ്ടിയാണിങ്ങനെ ചെയ്യുന്നത്. ഒറ്റ, ഇരട്ടി, മുക്കണ്ണി, വല്യമുക്കണ്ണി, തെറ്റിനീക്കം, വെട്ടിമാറ്റം, ചവിട്ടിയിറക്കം, ചവിട്ടിക്കയറ്റം, കോതികാല്‍, പോരുകാല്‍ തുടങ്ങിയ നിരവധി ചുവടുകളും ഒറ്റക്കലായം, ഇരട്ടിക്കലായം, മുറിക്കലായം, ഒടിക്കലായം, ചാടിക്കലായം, കെട്ടിക്കലായം, പന്തക്കലായം തുടങ്ങിയ കലായങ്ങളും നിലനോട്ടം, വെട്ടിനോട്ടം, ചിറഞ്ഞുനോട്ടം, ഉലഞ്ഞുനോട്ടം, കുതറിനോട്ടം തുടങ്ങിയ നോട്ടങ്ങളും കാലന്‍ കോലത്തിന്റെ പ്രത്യേകതകളാണ്.
മാര്‍ക്കണ്ഡേയ ചരിതമാണ് കാലന്‍കോലത്തിനു പാടുന്ന പാട്ടിന്റെ ഇതിവൃത്തം, ചില സ്ഥലങ്ങളില്‍ അജാമിളമോക്ഷവും, ശിവമാഹാത്മ്യവും പാടിവരുന്നുണ്ട്. കാലന്‍കോലം തുള്ളലില്‍ അപ്രസക്തമല്ലാത്ത ഒരു കഥാപാത്രം കൂടി രംഗത്തുവരുന്നുണ്ട്, വാളും പന്തവും പിടിച്ചുവാങ്ങുന്നതും, തുള്ളല്‍ക്കാരനെ നിയന്ത്രിച്ചു നിര്‍ത്തുന്നതും ഈ കഥാപാത്രമാണ്. ഈ കഥാപാത്രത്തിന് പ്രത്യേക ചമയങ്ങളൊന്നും ആവശ്യമില്ല. രണ്ടു മണിക്കൂറോളം നീണ്ടുനില്ക്കുന്ന തുള്ളല്‍ കലാകാരന്റെ കായശേഷിയും, കലാബോധവും കൊണ്ടാണ് ഹൃദ്യമാകുന്നത്. ശ്ളോകങ്ങളിലൂടെയും, തോംതിമിന്തക താളത്തിലും, അടന്ത ഒറ്റയിലുള്ള പാട്ടുകളിലൂടെയുമാണ് തുള്ളല്‍ പുരോഗമിക്കുന്നത്. ഇടയ്ക്ക് കളത്തിലിട്ടിരിക്കുന്ന ഉരലില്‍ തുള്ളല്‍ക്കാരനെ ബലമായിപിടിച്ചിരിത്തും, തുള്ളലിന്റെ ചിലഘട്ടങ്ങളില്‍ നിന്നനില്‍പ്പില്‍ നിന്നും പുറകോട്ടു ചാടി ഉരലില്‍കയറി നിന്നാവും ചില ചുവടുവയ്പ്പുകള്‍.
ഭൈരവി, നിണഭൈരവി, കാഞ്ഞിരമാല
101 പാളകളില്‍ തീര്‍ക്കുന്ന അതിഭീമാകാരമായ കോലമാണ് ഭൈരവിക്കോലം. ദാരികവധാനന്തരം ഉഗ്രസ്വരൂപിണിയായ ഭദ്രകാളിയുടെ തനിസ്വരൂപം തന്നെയാണ് ഭൈരവിക്കോലം എന്നാണ് വിശ്വാസം.(ഭൈരവിക്കോലത്തിന്റെ നിര്‍മ്മാണം കോലംഎഴുത്തില്‍ പറഞ്ഞിട്ടുണ്ട്) കോലം തലയിലേറ്റി, നെഞ്ചുമാലയണിഞ്ഞ്, ചെമ്പട്ടിന്മേല്‍ കുരുത്തോലപ്പാവാടയുടുത്താണ് ഭൈരവികളത്തിലെത്തുന്നത്. ഇതിനെ മംഗളക്കോലമെന്നും പറയുന്നുണ്ട്. ഇത്രയും ദിവസം കാവിലമ്മയ്ക്ക് മുന്നില്‍ അവതരിപ്പിച്ചവയിലേതിലെങ്കിലും പിഴവുവന്നിട്ടുണ്ടെങ്കില്‍ അതിന് മാപ്പു ചോദിച്ചുകൊണ്ടാണ് ഭൈരവിക്കോലം തുള്ളുന്നത്, മറ്റ് കോലങ്ങളെല്ലാം തുള്ളിയൊഴിഞ്ഞ ശേഷമേ ഭൈരവി തുള്ളാറുള്ളു. ഭൈരവിക്കോലം വെളുത്തുതുള്ളുന്ന രീതിയാണ് പടയണിയില്‍ കാണപ്പെടുന്നത്.
ഭൈരവിക്കോലം പോലെ തന്നെ എണ്‍പത്തിയൊന്നു പാളകളില്‍ തീര്‍ക്കുന്ന കോലമാണ് കാഞ്ഞിരമാല, ഭൈരവിക്കോലത്തിന് കാതുകളില്‍ ആനയും സിംഹവും വരയ്ക്കുമ്പോള്‍ കാഞ്ഞിരമാലയ്ക്ക് പൂവുകളോ, സര്‍പ്പങ്ങളോ ആണ് വരയ്ക്കുക. ഇരുകൈകളും ഉപയോഗിച്ച് കോലത്തിന്റെ പിന്‍വശത്ത് പിടിച്ചിരിക്കുന്നതിനാല്‍ കയ്യ്മെയ്യ് ചലനങ്ങള്‍ അസാദ്ധ്യമാണ്.