കോലമെഴുത്ത

കേരളത്തില്‍ സുലഭമായി കാണപ്പെടുന്ന കമുകില്‍ (അടയ്ക്കാ മരം) നിന്നും അടര്‍ത്തിയെടുക്കുന്ന പച്ചപ്പാളയുടെ പുറം ചെത്തിയൊരുക്കി, നിയതമായ ആകൃതിയില്‍ വെട്ടി തയ്ച് , അതില്‍ പ്രകൃദത്തവര്‍ണ്ണങ്ങളുപയോഗിച്ച് വരച്ചെടുക്കുന്ന നാട്ടുദേവതാ സ്വരൂപങ്ങളാണ് കോലങ്ങള്‍.

പടണിയെ ഏറെ മനോഹരമാക്കുന്ന കോലങ്ങളുടെ നിര്‍മ്മാണ പ്രകിയ ഏറെ സങ്കീര്‍ണ്ണമാണ്. കൃതൃമമായി നിര്‍മ്മിച്ച യാതൊന്നും പടയണിയില്‍ ഉണ്ടാവില്ല. കമുകില്‍ നിന്നും പൊട്ടാതെ ഇളക്കിയെടുക്കുന്ന പാളയുടെ രണ്ടഗ്രങ്ങളും മുറിച്ച ശേഷം പാളയുടെ പച്ചനിറമുള്ളഭാഗം ചെറിയ കത്തിയുപയോഗിച്ച് ചീകിയെടുക്കുന്നു, ഇങ്ങനെ പാളയുടെ പുറംചെത്തിനിരപ്പാക്കി ഒരേഘനത്തിലാക്കി നിവര്‍ത്തിയെടുക്കുന്ന പാള ഓരോകോലത്തിന്റേയും രൂപഘടനയ്ക്കനുസൃതമായി വെട്ടിയെടുക്കും. ഒന്നു മുതല്‍ ആയിരത്തൊന്നു പാളകള്‍ വരെ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോലങ്ങളാണ് പടയണിയിലരങ്ങേറുന്നത്. കോലങ്ങള്‍ പലരീതിയിലാവും രൂപപ്പെടുത്തിയെടുക, മുഖാവരണങ്ങളായുള്ളതും, കിരീടമാതൃകയിലുള്ളതും , പലരുടെ സഹായത്താല്‍ തലയിലേറ്റി തുള്ളേണ്ടതും, ചാടുകള്‍ പിടിപ്പിച്ച ചട്ടത്തിന്മേല്‍ തയ്ച്ചുപിടിപ്പിക്കേണ്ടുന്ന കോലവുമുണ്ട്..

 

പഞ്ചഭൂതാത്മകപ്രതീകങ്ങളെന്നു വിശേഷിപ്പിക്കാവുന്ന അഞ്ചുനിറങ്ങളാണ് കോലമെഴുത്തിനുപയോഗിക്കുന്നത്. കറുപ്പ്, ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നിവ. കറുപ്പു നിറത്തിന് പച്ചമാവില ഉണക്കി കരിച്ച് അരച്ചെടുക്കുകയാണ് ചെയ്യുന്നത്, ചുവപ്പുനിറത്തിന് ചെങ്കല്ലു പൊടിച്ചതും, മഞ്ഞയ്ക്ക് മഞ്ഞച്ചണ്ണ ഇടിച്ചു പിഴിഞ്ഞ നീരും ഉപയോഗിക്കും, വെള്ള പാളയുടെ വെള്ളനിറം തന്നെയാണ്, പച്ചയാവശ്യമുള്ളപ്പോള്‍ പാളയുടെ പുറം ചെത്താതെ തന്നെ ഉപയോഗിക്കും. ചാലിച്ചെടുക്കുന്ന നിറങ്ങള്‍ ചിരട്ടയിലോ, പാളകോട്ടിയെടുക്കുന്ന കുമ്പിളുകളിലോ ആണ് സൂക്ഷിക്കുന്നത്. കുരുത്തോലയുടെ മടല്‍ ആവശ്യമുള്ള വലുപ്പത്തില്‍ കീറിയെടുത്ത് അഗ്രം ചതച്ചെടുത്താണ് കോലമെഴുത്തിനാവശ്യമായ ബ്രഷ് രൂപപ്പെടുത്തുന്നത്.

 

നിയതമായ ആകൃതിയില്‍ വെട്ടിയെടുത്ത മുഖാവരണങ്ങളില്‍, കണ്ണിന്റെ ഭാഗം ചെറിയവൃത്തമായി വെട്ടിയെടുത്തശേഷം പാളയുടെ പുറകുവശത്ത് ചെത്താത്ത പാളകീറി കുരുത്തോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് കുറുകെ തയ്ച്ചുപിടിപ്പിക്കും, ചെത്തി ഘനം കുറച്ചപാളകള്‍ ചുരുണ്ടുപോകാതിരിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ പടി വയ്ക്കുന്നത്. ഇതിനു ശേഷമാണ് കോലമെഴുത്ത് ആരംഭിക്കുക, മുഖങ്ങള്‍ വരയ്ക്കുമ്പോള്‍ ആദ്യം കണ്ണുകളാവും വരക്കുക, ഓരോവരകള്‍ക്കും പുറത്തായി തുണവരകളും ഇടും, ഓരോ കോലങ്ങളുടേയും രൂപങ്ങള്‍ക്കനുസരിച്ചുള്ള കണ്ണുകളും, പല്ലുകളു മൊക്കെയാവും വരച്ചു ചേര്‍ക്കുക. പുരുഷസങ്കല്പമുള്ള കോലങ്ങള്‍ക്ക് ചെറിയവളവുമാത്രമുള്ള കോമ്പല്ലാവും വരയ്ക്കുക, ഗണപതി, മാടന്‍, തുടങ്ങിയവ ഈ വിഭാഗത്തില്‍ പെട്ടവയാണ്. ഗണപതി കോലത്തിന്റെ മുന്‍വരിയിലെ പല്ലുകളില്‍ ചിലത് കൊഴിഞ്ഞുപോയതുപോലെയിടും. മാടന്‍ കോലത്തിനാണെങ്കില്‍ നെറ്റിയിലായി മൂന്നാമതൊരു കണ്ണും കൂടി വരച്ചു ചേര്‍ക്കും, ചെറ്റമാടന്‍ കോലം പൂര്‍ണ്ണരൂപം വരച്ച് പച്ചയോലമെടഞ്ഞ് അതില്‍ തയ്ച്ചുപിടിപ്പിച്ച് അരികുകളില്‍ ഇലഞ്ഞിത്തൂപ്പലങ്കാരവും വെച്ചാണ് തുള്ളുന്നത്.

സ്ത്രീ സങ്കല്പമുള്ള കോലങ്ങളായ പിള്ളമറുത, യക്ഷി തുടങ്ങിയവയ്ക്ക് വളഞ്ഞു നില്ക്കുന്ന എകിറാണ് വരയ്ക്കാറുള്ളത്. പക്ഷിക്കോലത്തിനാണെങ്കില്‍ വായുടെ, സ്ഥാനത്ത് നീണ്ടു വളഞ്ഞുനില്‍ക്കുന്ന മൂര്‍ച്ചയേറിയ ചുണ്ടാണ് പാളയില്‍ വെട്ടിയെടുത്ത് തയ്ച്ച് പിടിപ്പിക്കുന്നത്. ഗണപതി പിശാചു കോലം ഒഴിച്ചുള്ളവയ്ക്കെല്ലാം നെഞ്ചുമാലയും ഉണ്ടാകും.
അരക്കിയെക്ഷി, തള്ളമറുതാ തുടങ്ങിയ കോലങ്ങള്‍ ഒറ്റപ്പാളയില്‍ വെട്ടിയെടുത്ത മുഖാവരണത്തില്‍ നിന്നും നിന്നും തുളല്‍ക്കാരന്റെ മുഖത്തിന്റെ വലുപ്പത്തിലുള്ള ഭാഗം മദ്ധ്യത്തു നിന്നും വെട്ടിമാറ്റും, തുള്ളുമ്പോള്‍ തുള്ളല്‍ക്കാരന്റെ മുഖത്ത് കരിതേച്ച് പാളയില്‍ വെട്ടിയുണ്ടാക്കുന്ന വളഞ്ഞ എകിര്‍ വച്ച്, കണ്ണും കുറിയും കെട്ടിയാണ് തുള്ളുന്നത്.

ഗണപതി, അന്തരയക്ഷി, മായേക്ഷി, കാലന്‍ തുടങ്ങിയകോലങ്ങള്‍ കീരീടമാതൃകയില്‍ നിര്‍മ്മിച്ച് തലയില്‍ പിടിപ്പിച്ച് എകിറും, പല്ലും വച്ച് കണ്ണു കുറിയും കെട്ടിയാണ് തുള്ളുന്നത്. കാലന്‍കോലം അഞ്ചോ ഏഴോ പാള ഉപയോഗിച്ചാവും നിര്‍മ്മിക്കുന്നത്, തുള്ളല്‍ക്കാരന്റെ മുഖമുള്‍പ്പടെ മൂന്നുമുഖമോ, അല്ലെങ്കില്‍ അഞ്ചോ മുഖം ഉണ്ടാവും. അലകില്‍ തയ്ച്ചു പിടിപ്പിക്കുന്ന കോലത്തില്‍ നിന്നും താഴെക്കിട്ടിരിക്കുന്ന നീളമുള്ള തുണിയുപയോഗിച്ച് രണ്ടഗ്രങ്ങളും കക്ഷത്തിനടിയില്‍ കൂടിയെടുത്ത് പുറത്തു വച്ച് കൂട്ടിക്കെട്ടി മുറുക്കിയിരിക്കും.

കുതിരക്കോലമാണെങ്കില്‍ പച്ചയോലമെടഞ്ഞ് നടുകേകീറി ഓലയുടെ ഇരുവശത്തുനിന്നും ബലമുള്ള രണ്ട് കമ്പുകള്‍ ചേര്‍ത്ത് ചുരുട്ടി നടുവില്‍ വച്ച് കെട്ടുന്നു. തുടര്‍ന്ന് കുരുത്തോല ഈര്‍ക്കില്‍ മാറ്റി നന്നായി കീറിയെടുത്ത് ഇരുവശത്തുമായി തൂക്കിയിട്ട് പാളയില്‍ വരച്ചെടുത്ത കുതിരത്തല അഗ്രത്തായി തയ്ച്ചു പിടിപ്പിക്കുന്നു.

വലിയ കോലങ്ങളുടെ നിര്‍മ്മാണം.

ഭൈരവി, കാഞ്ഞിരമാല, കാലയക്ഷി തുടങ്ങിയവ അന്‍പത്തിയൊന്നു പാളയിലോ, നൂറ്റിയൊന്നു പാളയിലോ, ആയിരത്തൊന്നു പാളയിലോ ആണ് തീര്‍ക്കുക. അന്‍പത്തിയൊന്നു പാളയിലും നൂറ്റിയൊന്നു പാളയിലും തീര്‍ക്കുന്ന കോലങ്ങള്‍, ഉണങ്ങിയ കമുക് കീറിചീകിയെടുക്കുന്ന അലകുകൊണ്ട രൂപപ്പെടുത്തിയ ചട്ടങ്ങളിലാവും തയ്ച്ചു പിടിപ്പിക്കുക. ചെത്താത്ത പാള വാട്ടി ഈര്‍ക്കില്‍ ഉപയോഗിച്ച് കൂര്‍മ്പന്‍തൊപ്പി തയ്ച്ചുണ്ടാക്കി അതിന്റെ ഇരുവശത്തും രണ്ട് ദ്വാരങ്ങളുണ്ടാക്കുന്നു. ഈ ദ്വാരത്തിലൂടെ നല്ല ബലമുള്ള ഒരു അലക് തിരുകി കയറ്റും, മുകള്‍ ഭാഗത്തു കൂടി താഴേയ്ക്കും ഒരു അലക് തിരുകും. മുകളില്‍ നിന്നും തിരുകുന്ന അലക് പാളത്തൊപ്പിക്കകത്തുകൂടി കുറുകേ പോയിരിക്കുന്ന അലകില്‍ തട്ടി നില്‍ക്കും, തുടര്‍ന്ന് നെടുകെയും കുറുകെയും അലകുകള്‍ ചേര്‍ത്ത് കെട്ടിയാണ് കോലം തയ്ച്ചു പിടിപ്പിക്കുന്നതിനുള്ള ചട്ടം ഉണ്ടാക്കുന്നത്. ഇത്തരം കോലങ്ങളില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത്, പന്ത്രണ്ട് എന്നിങ്ങനെയാകും മുഖങ്ങളുടെ എണ്ണം, മുഖങ്ങള്‍ക്ക് കിമ്പിരി, കൃഷ്ണമുടി, ചെറുമുഖം എന്നിങ്ങനെയാണ് പേരുകള്‍.മുഖങ്ങളുടെ ചുറ്റുമായി പൂര്‍ണ്ണരൂപത്തില്‍വരയ്ക്കാത്ത സര്‍പ്പമുഖങ്ങളായ ചുഴിപ്പുകളും, പൂവുകളും തയ്ച്ചുപിടിപ്പിക്കും, നിരവധിപാളകള്‍ ചേര്‍ത്ത് തയ്ച്ച് അണ്ഠാകൃതില്‍ വെട്ടിയെടുത്ത പുറവടയാകും കോലത്തിന്റെ അരിക്. ഇതില്‍ മഞ്ഞനിറം തേച്ച്, നെന്മണി പോലെ കറുത്ത നിറത്തില്‍ കുത്തുകളിടും, അതിനും വെളിയിലായി കണ്ണുകളോ, സര്‍പ്പക്കെട്ടോ, പട്ടിപ്പല്ല് എന്നു പറയുന്ന നീളത്തിലുള്ളതൃകോണ രൂപമോ വരച്ചു ചേര്‍ക്കും. ഭൈരവിക്കോലത്തിന് കാതില്‍ ആനയും, സിംഹവും ആവും വരച്ചു ചേര്‍ക്കുക, കാലയക്ഷിക്കും, കാഞ്ഞിരമാലയ്ക്കും കാതില്‍ പൂവാണ് വരയ്ക്കുക. ഭൈരവിക്കും, കാഞ്ഞിരമാലക്കോലത്തിന്റേയും അരികുകളില്‍ കുരുത്തോല ചെറുതായി മുറിച്ച് നിവര്‍ത്തി അല്ലി തയ്ച്ചു പിടിപ്പിക്കുമ്പോള്‍ കാലയക്ഷിക്കോലത്തിന് പാള ത്രികോണാകൃതിയില്‍ മുറിച്ചെടുത്ത് ചെറിയകണ്ണു വരച്ച ശൂലങ്ങളാണ് തയ്ച്ചു പിടിപ്പിക്കുക. ഇത്തരം കോലങ്ങള്‍ക്കെല്ലാം തന്നെ മുലകളില്‍ കെട്ടുപിണഞ്ഞ് മുഖാമുഖം നോക്കി നില്‍ക്കുന്ന സര്‍പ്പങ്ങളെ വരച്ചുചേര്‍ത്ത നെഞ്ചുമാലയും ഉണ്ടാകും. ആയിരത്തൊന്നു പാളയില്‍ തീര്‍ക്കൂന്ന കോലം ചാട് ഘടിപ്പിച്ച ചട്ടത്തിമേല്‍ തയ്ച്ച് പിടിപ്പിച്ച് ഉരുട്ടിക്കൊണ്ടു നടക്കുകയാണ് ചെയ്യുന്നത്.