അടവി

ദിവസങ്ങളോളം നീളുന്ന പടയണിയുടെ അതിപ്രധാനമായചടങ്ങാണ് അടവി. പതിവു ചടങ്ങുകളെല്ലാം അടവിദിവസവും ഉണ്ടാവും, അടവിദിവസം ശീതങ്കന്‍തുള്ളല്‍, വൈരാവി തുടങ്ങിയ വിനോദരൂപങ്ങളും പാനയടി, ചാറ്റ് തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും ഉണ്ടാകും. എഴുതിത്തുള്ളല്‍ ആരംഭിച്ച് മൂന്നാം ദിവസമോ, ആറാം ദിവസമോ, ഒന്‍പതാം ദിവസമോ ആണ് അടവി നടത്തുന്നത്. അടവിക്ക് പ്രത്യേകമായി ഒരു പന്തല്‍ ഒരുക്കിയിരിക്കും, പാലക്കമ്പുകള്‍ മുക്കോണാക്കി പച്ചിലത്തൂപ്പുകള്‍കൊണ്ട് തീര്‍ക്കുന്ന അടവിക്കൂടുകളും ഉണ്ടാവും, അടവിക്കൂടുകള്‍ക്കു മുന്‍പിലായി ഒരു തടിക്കുറ്റി ഉറപ്പിച്ചിരിക്കും, ഒരുവശം പൊള്ളയായി നിര്‍മ്മിച്ചെടുത്ത പാനക്കുറ്റിയുമായി ഒരാള്‍ പാനയൊരുക്കിനരികില്‍ നില്ക്കും. വേലന്‍ പറകൊട്ടിച്ചാറ്റാന്‍ തുടങ്ങുന്നതോടെ ആര്‍പ്പുവിളികളും കുരവകളും കതിനാവെടികളും കൊണ്ട് അന്തരീക്ഷം ചൂടുപിടിക്കും, കലികൊണ്ടുറയുന്ന പാനധാരി പാനയൊരുക്കിന് വലംവയ്ക്കും, മൂന്നു വലത്തുവച്ച് തിരുനടയ്ക്കഭിമുഖമായി നിന്ന് അലറി വിളിക്കും, ഈ സമയം തുള്ളിയുറഞ്ഞ് അലറിവിളിച്ചു കൊണ്ട് ഒരാള്‍ അടവിക്കളത്തിലേക്ക് കുതിച്ചുവരുന്നു. പാനയടിക്കാന്‍ കഠിനവ്രതം എടുത്തിട്ടുള്ള ആളാണെങ്കില്‍ അയാളെ കുഴികുഴിച്ച് അതില്‍കിടത്തി മുകളില്‍ പലകവച്ച് മണ്ണിട്ടുമൂടി ഭാരമേറിയ കല്ലുകള്‍ പിടിച്ചു വച്ചിട്ടുണ്ടെങ്കില്‍പ്പോലും സര്‍വ്വതും തള്ളിയെറിഞ്ഞ്, തുള്ളിയുറഞ്ഞ് അടവിക്കളത്തില്‍ പാനയടിക്കാനെത്തു മത്രെ.
ഇങ്ങനെ അലറി വിളിച്ചു വരുന്നയാള്‍ ഒരുക്കിന് വലം വച്ചു വന്ന് പാനക്കുറ്റിയേറ്റുവാങ്ങുന്നു. വലം വച്ചുകൊണ്ടു വരുന്ന വഴിക്ക്, ഒരാള്‍ ഓരോകരിക്ക് വീതം തടിക്കുറ്റിയില്‍ വച്ചു കൊടുക്കുന്നു, വ്രതക്കാരന്‍ പാനക്കുറ്റിക്ക് കരിക്ക് അടിച്ചുടയ്ക്കുന്നു, ഒറ്റയടി മാത്രമേ പാടുള്ളു കരിക്ക് ഉടയാതെ വന്നാല്‍ അത് ദുശ്ശകുനമാണ്. അങ്ങനെ എത്രകരിക്കുകള്‍ വച്ചിട്ടുണ്ടോ അത് മുഴുവനും ഇങ്ങനെ അടിച്ചുടക്കണം.

കുരമ്പാലയിലെ അടവി

പന്തളം കുരമ്പാല പുത്തന്‍കാവില്‍ ഭഗവതിക്ഷേത്രത്തില്‍ നടക്കുന്ന അടവി വളരെ വ്യത്യസ്ഥമായ ഒരു ആചാരവിശേഷമാണ്. അഞ്ച് വര്‍ഷംകൂടുമ്പോള്‍ മാത്രമാണ് ഇവിടെ പടയണിയും അടവിയും നടക്കുന്നത്. പടയണി തുടങ്ങി ഒന്‍പതാം നാളാണ് അടവി. അടവിദിവസം രാവിലെ പിഴുതെടുത്ത തെങ്ങ്, കവുങ്ങ്, മുള തുടങ്ങിയ വൃക്ഷങ്ങളുമായി വ്രതക്കാര്‍ ക്ഷേത്രത്തിലെത്തി ക്ഷേത്രത്തിനു വലം വയ്ക്കുന്നു ഇതിന് "തെങ്ങ് പന മുതലായവ കളിപ്പിക്കല്‍'' എന്നാണ് പറഞ്ഞുവരുന്നത്. വൈകിട്ട് ഏഴ് മണിയോടു കൂടി പടയണി ആരംഭിക്കും,

അന്നേദിവസമാണ് വിശേഷാല്‍ ഇനങ്ങളായ ശീതങ്കന്‍ തുള്ളല്‍, വൈരാവി തുടങ്ങിയവ. പന്ത്രണ്ടു മണിയോടു കൂടി ക്ഷേത്രവെളിച്ചപ്പാട് പാനയടി ആരംഭിക്കും (വെളിച്ചപ്പാടിനെ വലിയച്ഛന്‍ എന്നാണ് ഇവിടെ അറിയപ്പെടുന്നത്), ഒപ്പം തന്നെ മൂലസ്ഥാനത്ത് വേലന്റെ പറചാറ്റല്‍ ആരംഭിച്ചിരിക്കും. പാനയടിക്കുശേഷം വലിയച്ഛനില്‍ നിന്നും ഭസ്മംസ്വീകരിക്കുന്ന ഭക്തര്‍ കാതങ്ങള്‍ താണ്ടി കാവുകളില്‍ നിന്നും കൂര്‍ത്തമുള്ളുകള്‍ നിറഞ്ഞ ചൂരലുകള്‍ പിഴുതുകൊണ്ടുവന്ന് ക്ഷേത്രത്തിന് വലം വയ്ച്ച് ചൂരല്‍ ദേഹത്തു ചുറ്റി വടക്കോട്ടുരുളും. ചൂരല്‍മുള്ളുകളാല്‍ ദേഹം ചുറ്റപ്പെട്ട ഉരുളിച്ചക്കാരനെ കളത്തില്‍ നിന്നും എടുത്ത് ചൂരല്‍ ദേഹത്തുനിന്നും അറുത്തു മാറ്റും, ചൂരല്‍മുള്ളുകള്‍ ദേഹത്തുകൊണ്ടുണ്ടാകുന്ന മുറിവുകളിലൂറുന്ന രക്തം കാളിക്കു തര്‍പ്പിക്കുന്നു എന്നാണ് സങ്കല്പം. നരബലിക്കു സമാനമായ ചടങ്ങാണ് ചൂരല്‍ ഉരുളിച്ച. കുരമ്പാല പടയണിയുടെ മാത്രം പ്രത്യേകതയാണ് പ്രാക്തനാരാധനാ സമ്പ്രദായമായ ചൂരല്‍ ഉരുളിച്ച. അടവിക്കു പിറ്റേന്നാള്‍ രാത്രി ക്ഷേത്രാങ്കണം ശൂന്യമാണ്, അന്നേദിവസം ക്ഷേത്രാങ്കണം പിശാചുക്കളുടെ വിഹാരരംഗമാണെന്നാണ് വിശ്വാസം.

ആഴിയഴിക്കല്‍, അടവിഉയര്‍ത്തല്‍
ആഴിക്കളത്തില്‍ ആഴി ഉയര്‍ന്ന്, അടവിവിളിക്കിടയില്‍ മൂന്നു പ്രാവശ്യം ശംഖുവിളി ഉയരുമ്പോള്‍ കരവാസികള്‍ കരിമ്പന, കവുങ്ങ്, മാവ്, മുള, വാഴ തുടങ്ങിയ വൃക്ഷങ്ങളുമായി ഇരച്ചു കയറിവന്ന് ആഴി അഴിക്കുന്നു. മൂന്നുപ്രാവശ്യം ഇങ്ങനെ ആഴ ിഅഴിച്ച് വൃക്ഷങ്ങളെക്കളിപ്പിച്ച് വന്ന് കൊണ്ടുവന്ന വൃക്ഷങ്ങളെല്ലാം കളത്തില്‍ നാട്ടിപ്പിടിച്ച് ഉയര്‍ത്തി നിര്‍ത്തുന്നു. ഇത് കണ്ടാല്‍ ഒരു യഥാര്‍ത്ഥ വനത്തിന്റെ പ്രതീതി ഉളവാകും. ഓരോ വൃക്ഷത്തിന്റേയും മുകളില്‍ വരെ ആളുകള്‍ കയറിച്ചെന്ന് ശിഖരങ്ങള്‍ ചവുട്ടിയൊടിക്കുമ്പോഴേക്കും താഴെ ചുറ്റിനും ഓലക്കെട്ടുകളോ മറ്റോ കത്തിച്ച് അഗ്നിജ്വാലകള്‍ ഉയര്‍ത്തുന്നു, തീയണയുമ്പോഴേക്കും ഓരോമരവും ചായിച്ച് കളത്തില്‍ നിന്നും മാറ്റുന്നു. ഇതോടെ അടവിയുടെ ചടങ്ങുകള്‍ അവസാനിക്കുന്നു.