Articles

slide

കളമെഴുത്ത് ഗ്രാമദേവതയുടെ ചിത്രകാവ്യം

ജി. ഭാര്‍ഗവന്‍ പിള്ള

ഭദ്രകാളിയേപ്പോലെ ബഹുമുഖ സ്വഭാവക്കാരിയായ ഉഗ്രമൂര്‍ത്തി ലോകചരിത്രത്തില്‍ മറ്റെങ്ങുമില്ല. ദക്ഷനെ വധിക്കുവാന്‍ വേണ്ടി പിറന്നതെന്നുള്ള പുരാണകഥയില്‍ നിന്നും ദേവീ സങ്കല്‌പം വികസിച്ച്‌ ഉര്‍വ്വര സംരക്ഷണം, ശിഷ്‌ടജന പരിപാലനം, ദുഷ്‌ടനിഗ്രഹം, രോഗനിരോധം, പ്രകൃതികോപങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിങ്ങനെ ഗ്രാമജീവിതവുമായി ബന്ധപ്പെട്ട്‌ വളര്‍ന്ന്‌ രാജ്യമാകെ പ്രതിഷ്‌ഠകളായി, അനുഷ്‌ഠാനങ്ങളും ആചാരങ്ങളുമായി, ആരാധനയായി മാറിയിരിക്കുന്നു1. എവിടെയും ശാന്തി തിളങ്ങി നില്‌ക്കാന്‍ ഏവരുടേയും അമ്മയായി ദേവീചൈതന്യം പുലരണമെന്നുള്ള സാര്‍വ്വദേശീയചിന്താധാര അവിടെ നിന്നുത്‌ഭവിക്കുന്നു. കാളീ സേവ ഭാരതത്തിലെല്ലാ ഭാഗത്തുമുണ്ട്‌. ഭൂമിയോളം പഴക്കമുള്ള ഭാരതീയരുടെ അമ്മ സങ്കല്‌പ്പമാണ്‌ കാളീസേവയുടെ അടിസ്ഥാന ദര്‍ശനം.(ബംഗാളിലെ കാളീഘട്ടങ്ങളോര്‍ക്കുക). മണ്ണില്‍ ജീവന്റെ പൊടിപ്പുകള്‍ പൊട്ടിവിടര്‍ന്ന്‌ വളര്‍ന്നത്‌ അമ്മയുടെ കാരുണ്യംകൊണ്ടാണ്‌. 
റോമാക്കാരുടെ ഡയാനാ ദേവിയും (ഡയാനാ റ്റെംപിള്‍ എന്നാണ്‌2 റോമന്‍ ചരിത്രത്തില്‍ പറയുന്നത്‌.) ഗ്രീക്കുകാരുടെ ആര്‍ട്ടമിസും ഉര്‍വ്വര ദേവതമാരാണെങ്കിലും (goddess of fertility) ഭദ്രകാളിയെപ്പോലെ ഭീകരരൂപിണിയായി പ്രപഞ്ചത്തെകിടിലം കൊള്ളിക്കുന്ന ഭീകരമൂര്‍ത്തിയായി മാറിയിട്ടില്ല. ഭദ്രകാളിയുടെ ചമയങ്ങളോടും അനുഷ്‌ഠാനങ്ങളോടും അനുബന്ധങ്ങളായ കലകളോടും ഒരു പാശ്ചാത്യദേവതയേയും ഉപമിക്കാന്‍ സാദ്ധ്യമല്ല. അത്യപൂര്‍വ്വവും ഭീകരവുമായ കാളീരൂപം3 തന്നെ കാവ്യഭാവനയുടെ പരമോന്നത പീഠത്തിലാണ്‌ സ്ഥാനമുറപ്പിച്ചിരിക്കുന്നത്‌.
 

``ചെമ്പൊന്നിന്‍ പുറവടി വിരലോ കൈ തൊഴുന്നേന്‍
ചേവടി തളിരോ കാല്‍വിരല്‍ ചെപ്പ്‌ തൊഴുന്നേന്‍
തുമ്പിക്കൈ തരമൊത്ത തിരുതുട തൊഴുന്നേന്‍
അരയാലിന്‍ ഇലയൊത്തൊരുദരം കൈതൊഴുന്നേന്‍
അലര്‍ശരവടിവോമല്‍ചുഴിവോ കൈതൊഴുന്നേന്‍
മേളംതാലിയോ മാറില്‍ മണിമാല തൊഴുന്നേന്‍
തൃക്കൈകൊണ്ടിളക്കും നാന്ദകം വാളു കൈതൊഴുന്നേന്‍
തെളിവില്‍ വട്ടകശൂലം തലയോ കൈ തൊഴുന്നേന്‍
കുഴലാരങ്ങളും പാമ്പും കണികണ്ടു തൊഴുന്നേന്‍
കുഴകാതിലണിഞ്ഞ കുണ്‌ഡലം കുംഭി തൊഴുന്നേന്‍
മുട്ടച്ചാന്തണിയുന്ന തിരുനെറ്റി തൊഴുന്നേന്‍
വണ്ടിന്‍ ചായലോടൊത്ത കുറുനിര തൊഴുന്നേന്‍
വട്ടത്തില്‍ വിളങ്ങുന്ന തിരുമുഖം തൊഴുന്നേന്‍
മഴക്കാറോടിരുളൊത്ത തിരുമുടി തൊഴുന്നേന്‍
അഴകോടെ ഭഗവതിയെ ദിവസം തൊഴുന്നേന്‍
``

പാദാദികേശ'' വര്‍ണ്ണനയാണിത്‌. ഭക്തി ദ്യോതകമായ ഈ വര്‍ണ്ണന, നമ്മുടെ സോപാന സംഗീതശാഖയ്‌ക്ക്‌ ഒരു മുതല്‍ക്കൂട്ടാണ്‌. ദേവിയുടെ പ്രത്യംഗ വര്‍ണ്ണന ഇതിലുണ്ടെങ്കിലും ദേവീ പരാമര്‍ശ്ശമുള്ള അനുഷ്‌ഠാനകലകളിലെത്തുമ്പോഴേയ്‌ക്കും ആ രൂപത്തിന്റെ ചിത്രീകരണം ഭീകരമാകുന്നു. മുടിയേറ്റ്‌, തീയ്യാട്ട്‌, കളമെഴുത്തുപാട്ട്‌ (കല്ലാറ്റക്കുറുപ്പന്മാര്‍) തുടങ്ങി അനേകം അനുഷ്‌ഠാനങ്ങളുണ്ടെങ്കിലും, എല്ലാ അര്‍ത്ഥത്തിലും മുടിയേറ്റും അതിന്റെ തുടക്കത്തിലുള്ള കളവുമാണ്‌ കാവ്യനിരീക്ഷകര്‍ക്ക്‌ പ്രധാനം, കളംവരപ്പും കളംപൂജയും അപ്പോഴെല്ലാമുള്ള പാട്ടും കണ്ണിനും കാതിനും പകര്‍ന്നുതരുന്ന കാവ്യാനുഭൂതികളെപ്പറ്റിയല്ല നാം ചിന്തിച്ചിട്ടുള്ളത്‌, പിന്നെയോ, ഭക്തിയുടെ പാരമ്യത്തിലെത്തിക്കുന്ന നിമിഷങ്ങളെപ്പറ്റി മാത്രമേ ആലോചിക്കുന്നുള്ളു. അതാണല്ലോ അതിന്റെ ലക്ഷ്യവും. ഭക്തിദ്യോതകമായ ചിത്രകലയും അതിന്റെ അതിന്റെ പശ്ചാത്തലത്തിലുള്ള അനുബന്ധകലകളും എന്നുള്ള സ്ഥാനം മാത്രമെ അനുഷ്‌ഠാനപരമായ ദൃശ്യകലകള്‍ക്കുള്ളു4. എന്നാല്‍ അവിടെ സമഗ്രമായ കാവ്യഭംഗി തുളുമ്പിനില്‌ക്കുന്നു എന്ന കാഴ്‌ചപ്പാടിലൂടെ നമുക്കൊന്നു ചിന്തിക്കാം.


പഞ്ചവര്‍ണ്ണപ്പൊടികളാണല്ലോ കളമെഴുത്തിനുപയോഗിക്കുന്നത്‌. ചുവപ്പ്‌, കറുപ്പ്‌, പച്ച, മഞ്ഞ, വെള്ള എന്നീ നിറങ്ങള്‍. ഈ അഞ്ച്‌ നിറങ്ങള്‍ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. എന്നുള്ള പ്രാചീനസങ്കല്‌പം മുതല്‍ നിറങ്ങളെപ്പറ്റിയുള്ള മനുഷ്യന്റെ പ്രതീകാത്മക ചിന്തകള്‍ തുടങ്ങുന്നു. യഥാര്‍ത്ഥത്തില്‍ പ്രകൃതി തന്നെയാണ്‌ നിറങ്ങളുടെ ഏറ്റവും വലിയ കാന്‍വാസ്‌. നീലാകാശം, കാര്‍മേഘങ്ങള്‍, സമുദ്രം, സൂര്യചന്ദ്രന്മാര്‍, ഭൂമിയിലെ ഹരിതാഭമായ തരുലതകള്‍, നദികള്‍, പുഷ്‌പങ്ങള്‍ എല്ലാമെല്ലാം എത്രയെത്രനിറങ്ങള്‍ വരച്ചു കാണിക്കുന്നു. ഈ വര്‍ണ്ണപ്രപഞ്ചമാണ്‌ മനുഷ്യമനസ്സുകളിലാദ്യം നിറങ്ങളുടെ അനുഭൂതി പകര്‍ന്നത്‌. അവിടെനിന്നും അടിസ്ഥാനനിറങ്ങളായ പഞ്ചവര്‍ണ്ണങ്ങള്‍ തിരഞ്ഞെടുത്ത ആദ്യകലാകാരനാരെന്ന്‌ പറയാനാര്‍ക്കും സാധ്യമല്ല. എന്നാല്‍ സുബ്രഹ്മണ്യനാണെന്ന്‌ പഴമക്കാര്‍ പറയുന്നു, സുബ്രഹ്മണ്യന്‍ വരച്ച ഭദ്രകാളിയുടെ കളം മനുഷ്യന്‍ കണ്ടിട്ടില്ല. അതുകൊണ്ട്‌ ആ ആദ്യഭാവനയുടെ അവകാശം നൂറ്റാണ്ടുകള്‍ക്കുമുന്‍പ്‌ കേരളത്തിലെവിടെയോ ജീവിച്ചിരുന്ന ഭാവനാസമ്പന്നനായ ഒരു നാട്ടാശാന്‌ കൊടുക്കാം. അതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു വിഷയമാണ്‌ പ്രകൃതിയില്‍ കേള്‍ക്കുന്ന വിവിധ ശബ്‌ദങ്ങളുടെ പലസ്വരത്തിലും ശ്രുതിയിലുമുള്ള സംഗീതം. രണ്ടും കൂടിയാകുമ്പോള്‍ കണ്ണിനും കാതിനും വസന്തോത്സവമായി. ഇപ്രകാരം അനുഷ്‌ഠാനകലകളെ കണ്ടെങ്കിലേ കാവ്യാനുഭൂതികളുടെ കവാടം തുറന്നുകിട്ടുകയുള്ളു.


ലോകത്തില്‍, മറ്റെങ്ങുമില്ലാത്ത ഒരു ചിത്രരചനാ തന്ത്രമാണ്‌ മുടിയേറ്റക്കളത്തിനുള്ളത്‌. ഏതു വലുപ്പത്തില്‍ വേണമെങ്കിലും അവര്‍(മാരാന്മാര്‍) ഭദ്രകാളിക്കളം വരയ്‌ക്കും. നാല്‌, എട്ട്‌, പതിനാറ്‌, മുപ്പത്തിരണ്ട്‌, അറുപത്തിനാല്‌ എന്നിങ്ങനെ കൈകളുടെ എണ്ണം വര്‍ദ്ധിപ്പിയ്‌ക്കും. ഓരോ കയ്യിലും വാള്‍,കുഠാരം,വില്ല്‌,അമ്പ്‌,ചക്രം, ഗദ തുടങ്ങിയആയുധങ്ങളും കൊടുക്കും. ഏറ്റവും താഴെയുള്ള ഒരു കയ്യില്‍ ദാരികന്റെ ചോരയൊലിക്കുന്ന തലയും വരയ്‌ക്കും. ഈ കളത്തിനുപയോഗിക്കുന്നതെല്ലാം പഞ്ചവര്‍ണ്ണപ്പൊടിയും അവയുടെ മിശ്രിതങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പതിനെട്ടോളം നിറങ്ങളുമാണ്‌. ചുണ്ണാമ്പുപൊടിയും മഞ്ഞപ്പൊടിയും സമാസമം ചേര്‍ത്തിളക്കി വീണ്ടും വീണ്ടും തിരുമ്മിച്ചേര്‍ത്ത്‌ ചുവപ്പുണ്ടാക്കുന്നു. വെള്ളയ്‌ക്ക്‌ അരിപ്പൊടിയാണ്‌, എല്ലാം പ്രകൃതിയില്‍ നിന്നു കിട്ടുന്ന വസ്‌തുക്കള്‍. ഇടിക്കുന്നതിനും പൊടിക്കുന്നതിനും, ക്ലിപ്‌തമായ അനുപാതക്രമത്തില്‍ ചേര്‍ക്കുന്നതിനും കളത്തിന്റെ വലുപ്പത്തിനനുസരിച്ചുള്ള അളവു നിശ്‌ചയിക്കുന്നതിനും മറ്റും വ്യക്തമായ കണക്കുകളും നാടന്‍ സങ്കേതങ്ങളുമുണ്ട്‌. ചൂണ്ടുവിരലും, തള്ളവിരലും ചേര്‍ത്ത്‌ പൊടിനുള്ളിയെടുത്ത്‌, ഞെരിച്ച്‌ തറയില്‍ഘനം കുറഞ്ഞ വരകളുണ്ടാക്കുന്നതും വാരിവിതറി പശ്ചാത്തല വര്‍ണ്ണങ്ങള്‍ പൂശുന്നതും, വിരല്‍പ്പഴുതുകളിലൂടെ പൊടിവീഴ്‌ത്തി ഒരേ സമയം സമാന്തര രേഖകള്‍ വരയ്‌ക്കുന്നതും അഭ്യാസം കൊണ്ടും കൈക്കരുത്തുകൊണ്ടും നേടിയ നാടന്‍ വിദ്യയുടെ ഫലമാണ്‌.(ചിരട്ടക്കണ്ണുകളിലൂടെ മൂന്നു സമാന്തരരേഖകള്‍ പലരൂപത്തില്‍ അവര്‍വരയ്‌ക്കും) ഏഴെട്ടാളുകള്‍ കയറിയിരുന്ന്‌ ഒരേ സമയം ഒരുകളം വരയ്‌ക്കുന്നതിന്റെ കൂട്ടായ്‌മയും ഓരോരുത്തര്‍ക്കുമുള്ള പങ്കാളിത്തവും, നിറങ്ങളുടെ പൊരുത്തം ക്രമപ്പെടുത്തുന്നതുമെല്ലാം പാരമ്പര്യമായി നേടിയ അത്ഭുതകരമായ ഒരു സാങ്കേതിക വിദ്യയെന്നും മാത്രമേ പറയാന്‍ പറ്റുകയുള്ളു.
പാരമ്പര്യ വിധികളനുസരിച്ച്‌ ക്ഷേത്രത്തില്‍ വരയ്‌ക്കുന്ന ഭദ്രകാളിക്കളത്തിന്റെ നടുക്ക്‌ വലിയ ഒരാട്ടവിളക്ക്‌ ഒളംവെട്ടുന്ന ദീപങ്ങളുമായി കത്തിജ്ജ്വലിച്ചു നില്‌ക്കും. കളത്തിന്റെ പാദത്തിലിരുന്ന്‌ പൂജാരി പൂജനടത്തും താളമേളങ്ങളോടു കൂടിയ കളംപാട്ട്‌ പൂജയ്‌ക്ക്‌ അകമ്പടി സേവിയ്‌ക്കും. ദാരികയുദ്ധകഥയും ദേവീസ്‌തുതികളുമാണ്‌ പ്രധാനം. ഒടുവില്‍ കേശാദിപാദവര്‍ണ്ണന . അപ്പോഴേയ്‌ക്കും അന്തരീക്ഷം ഭക്തിസാന്ദ്രമാകും. ഈ മുഹൂര്‍ത്തത്തില്‍ അവിടെ കണ്ണിനും കാതിനും ഒരുപോലെ ഭക്തിരസം പകരുന്ന ഒരുകാവ്യം വിരിഞ്ഞുനില്‌ക്കുന്നു എന്നു തോന്നുന്നതാണ്‌ ആ വര്‍ണ്ണപ്രപഞ്ചത്തിന്റെ പ്രത്യേകത. അതിനാണ്‌ നിറങ്ങളുടേയും സംഗീതത്തിന്റേയും കാവ്യാനുഭൂതി എന്നുദ്ദേശിക്കുന്നത്‌..

കളംവരയ്‌ക്കുന്നതിനുപയോഗിച്ച നിറങ്ങള്‍ക്ക്‌ ഓരോന്നിനും പ്രതീകാത്മകമായ വൈകാരികഭാവങ്ങള്‍ സങ്കല്‌പിച്ചിട്ടുണ്ട്‌. കടുംചുവപ്പിന്‌ -വീരം, പച്ച -സാത്വികം, വെള്ള-ശാന്തം, കറുപ്പ്‌ - താമസം മഞ്ഞ-കരുണം അങ്ങനെ പോകുന്നു. ഈ രസങ്ങള്‍ ധ്വനിപ്പിക്കുന്ന രാഗങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ചിത്രം പൂര്‍ണ്ണമാകും. ഭൈരവി, നീലാംബരി, നാദനാമക്രിയ, ശ്യാമ, മുഖാരി തുടങ്ങിയവയാണ്‌ പ്രസ്‌തുത ദൃശ്യകലയുടെ താളങ്ങളോടൊപ്പം മുഴങ്ങിക്കേള്‍ക്കുന്ന രാഗങ്ങള്‍ (യഥാക്രമം) ഇതിനെ ആ ദൃശ്യകാവ്യത്തിന്റെ ശ്രവ്യമായ കാവ്യാനുഭൂതി എന്ന്‌ പറയാം. ദേവിയുടെ ചിത്രം മിഴിവുറ്റ കഥാപാത്രമായിട്ടങ്ങനെ വെട്ടിത്തിളങ്ങിനില്‌ക്കും. എല്ലാ അനുഷ്‌ഠാനകലകള്‍ക്കും ഇങ്ങനെയുള്ള കാവ്യാനുഭൂതി കണ്ടേക്കാമെങ്കിലും എല്ലാ കലകളും സമന്വയിച്ച്‌ പുഷ്‌ടിപ്പെട്ടു നില്‌ക്കുന്നത്‌ മുടിയേറ്റുകളത്തിലാണെന്ന്‌ തോന്നുന്നു. കല്ലാറ്റക്കുറുപ്പന്മാരുടെ കളംപാട്ടും പൂജയും നടക്കുമ്പോള്‍ കോമരം, താളത്തിന്‌ നൃത്തം വച്ച്‌ കൂടുതല്‍ സുഭഗമാക്കുന്നു എന്ന്‌ തോന്നും. അവിടെയും ആ മുഹൂര്‍ത്തത്തിലേക്കുയരുന്നത്‌ ഭക്തിയുടെ താളവും ചലനവും സംഗീതവുമാണ്‌. ഇവിടെയെല്ലാം നിറങ്ങളുടേയും സംഗീതത്തിന്റേയും നൃത്തത്തിന്റേയും പരമോന്നതാമായ ഒരു കാവ്യപ്രഞ്ചം ദൃശ്യമാകുന്നു അപ്പോള്‍ ഹൃദയദ്രവീകരണം അനുഭവപ്പെടുകയും ചെയ്യും.


കളത്തിന്റെ ഒത്തനടുവിലിരിക്കുന്ന ദീപനാളത്തിന്റെ പ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന വര്‍ണ്ണപ്രപഞ്ചത്തെ സോപാനരാഗങ്ങളെ തൊട്ടുണര്‍ത്തുമ്പോള്‍ നിറങ്ങളുടെ നൃത്തം നടക്കുന്നതായി തോന്നുമത്രെ. പാട്ടുകളുടെ രാഗങ്ങള്‍ പുഷ്‌ടിപ്പെടുത്തുന്ന ഭാവങ്ങളും നൃത്തനൃത്ത്യാഭിനയങ്ങളും കൂടിച്ചേരുമ്പോള്‍ കഥകളിപോലെ സമ്പൂര്‍ണ്ണമായ ഒരു ദൃശ്യകല മണ്ണില്‍ വിരിയുന്നു. കഥകളിയുടെ ചമയങ്ങളിലും മുഖത്തെഴുത്തിലുമെല്ലാം നേരത്തേ വിവരിച്ച വര്‍ണ്ണ പദ്ധതികള്‍ വളരെ പ്രകടമായിക്കാണാം.(മിനുക്ക്‌, പച്ച, കത്തി, താടി, കരി) അവിടെയെല്ലാം വേഷങ്ങള്‍ക്കും മുഖത്തെഴുത്തിനും ഉപയോഗിക്കുന്ന നിറങ്ങള്‍ക്ക്‌ പഞ്ചവര്‍ണ്ണങ്ങള്‍ തന്നെയാണ്‌ അടിസ്ഥാന നിറങ്ങള്‍. ഇതിന്റെയെല്ലാം തുടക്കം മുടിയേറ്റിലോ അതുപോലെയുള്ള നുഷ്‌ഠാനകലകളിലോ നിന്നാമെന്ന്‌ അനുമാനിക്കണം.


ഭൂമിയുടെ പരുപരുത്ത ഉപരിതലത്തില്‍ വരയ്‌ക്കാനുപയോഗിക്കുന്ന പഞ്ചവര്‍ണ്ണങ്ങള്‍ തന്നെയാണ്‌ ചമയങ്ങള്‍ക്കും മുഖത്തെഴുത്തിനും തിരഞ്ഞെടുത്തത്‌. അതോടൊപ്പം താളം, സംഗീതം, നൃത്തം എന്നിവയെ സമന്വയിപ്പിച്ചു കൊണ്ടുള്ള ഒരാസൂത്രിത പദ്ധതി അതിപ്രാചീനമായ അനുഷ്‌ഠാനകലകളില്‍ നിന്ന്‌ കഥകളിയെപ്പോലുള്ള ക്ലാസ്സിക്കല്‍ കലകള്‍ കടമെടുത്തു എന്ന്‌ പറയാവുന്നതാണ്‌. ചിലജാതിക്കാരുടെ തറവാടുകളില്‍ മാത്രം കെട്ടിയാടുന്ന നമ്മുടെ അനുഷ്‌ഠാനകലകള്‍ക്ക്‌ , കഥകളിക്കുണ്ടാക്കിയതുപോലെ സൂക്ഷമായി ആട്ടപ്രകാരം ആസൂത്രണം ചെയ്‌തെടുത്താല്‍ ക്ലാസ്സിക്‌കലകള്‍ക്കൊപ്പമിരിക്കാവുന്ന പാരമ്പര്യകലകള്‍ നമുക്കുണ്ടെന്ന്‌ മനസിലാകും. അപ്പോള്‍ കലാഭിരുചിയുള്ളവര്‍ക്കെല്ലാം ആ കലകള്‍ പഠിച്ച്‌ അരങ്ങേറുകയും ചെയ്യാം.
 


1. അത്‌കൊണ്ടാണ്‌ ദേവിയെ ഗ്രാമദേവത എന്ന്‌ സംബോധന ചെയ്‌തിരിക്കുന്നത്‌. എല്ലാ ഗ്രാമത്തിലും കാവും കാവിലമ്മയുമുണ്ടായിരുന്ന ഒരുകാലം കോരളത്തിലുണ്ടായിരുന്നു(``നാട്ടരങ്ങ്‌-വികാസവും പരിണാമവും'' നോക്കുക. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരണം. ജി. ഭാര്‍ഗ്ഗവന്‍പിള്ള)
2. Temple=തികച്ചും ഹൈന്ദവമായ ഒരു പദമാണിത്‌. റോമാക്കാരുടെ ദേവിയായ ഡയാനയെ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌ ക്ഷേത്രത്തിലാണ്‌ (Temple)
3. പരമേശ്വരനും ഭദ്രകാളിക്കും മറ്റും ചിത്രങ്ങള്‍ വരച്ചിട്ടു- ഇത്‌ പുരാണ കാവ്യങ്ങളിലെ വര്‍ണ്ണനകളില്‍ നിന്ന്‌ നാട്ടാശാന്‍മാര്‍ സമ്പാദിച്ച ആശയങ്ങളുടെ സഹായത്തോടെയാണ്‌.
4. കളമെഴുത്തില്‍ നിന്നാണല്ലോ അനുഷ്‌ഠാനകലകള്‍ തുടങ്ങുന്നത്‌.